ആലപ്പുഴ: ലളിതം, ഗംഭീരം എന്ന മുദ്രാവാക്യവുമായി മികവുറ്റ കലാപ്രകടനങ്ങൾക്ക് വേദി തേടി എത്തുന്ന കുട്ടിക്കൂട്ടങ്ങളെ വരവേൽക്കാൻ പ്രളയാനന്തര ആലപ്പുഴ ഒരുങ്ങുന്നു. ഒരുക്കങ്ങളെ മന്ദഗതിയിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ആവേശം കൂടിക്കൊണ്ടിരിക്കുകയാണെന്നു തന്നെയാണ് അധികൃതരുടെ വാദം.
അടുത്ത ആഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തുന്നവരെ യഥാവിധി സത്കരിക്കാൻ ആലപ്പുഴ സജ്ജമാകും. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സജീവമാണെന്നും കഴിഞ്ഞദിവസം കണ്വീനർമാരുടെ യോഗം ചേർന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ വിശദീകരിക്കുന്നു.
പ്രളയാനന്തരം കലോത്സവം നടക്കുമോയെന്ന ആശങ്ക കൊടുന്പിരിക്കൊണ്ടിരിക്കുന്പോഴാണ് ചെലവു ചുരുക്കി നടത്താൻ സർക്കാർ തീരുമാനമെടുത്തത്. ചുരുങ്ങിയ ഫണ്ടും കമ്മിറ്റികളുടെ രൂപീകരണത്തിലെ കാലതാമസവുമെല്ലാം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ കോടികൾ ചെലവിനത്തിൽ മാറ്റിവച്ചപ്പോൾ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അത് ലക്ഷങ്ങളിലേക്കിറങ്ങി.
അതുതന്നെ വിദ്യാർഥികളിൽ നിന്നടക്കം സമാഹരിക്കുകയുമാണ്.ആർഭാടം തീരെ കുറച്ചാണ് ഇത്തവണത്തെ കലോത്സവം. പന്തലുകൾ ഒഴിവാക്കി സ്കൂളുകൾ തന്നെ പരമാവധി പ്രയോജനപ്പെടുത്തിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന സമാപന യോഗങ്ങളോ ഘോഷയാത്രയോ ഒന്നും ഇല്ല. 29 വേദികളാണ് ഇക്കുറി. 158 മത്സര ഇനങ്ങളിലായി വിദ്യാർഥികൾ മാറ്റുരയ്ക്കും.
ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയം, ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസ് സ്കൂൾ, എസ്ഡിവി സെന്റിനറി ഹാൾ, ടിഡിഎച്ച്എസ്എസ്, സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസ് ഓഡിറ്റോറിയം, ലജനത്ത് മുഹമ്മദിയ്യ സ്കൂൾ ഓഡിറ്റോറിയം, ഗവ. മുഹമ്മദൻസ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയം, സെന്റ് ആന്റണീസ് എച്ച്എസ് ഓഡിറ്റോറിയം, കാർമൽ ഓഡിറ്റോറിയം, വെള്ളാപ്പള്ളി ഒഎൽഎഫ് എൽപിഎസ്, പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ്എസ്, തിരുവാന്പാടി എച്ച്എസ്, തത്തംപള്ളി പാരിഷ്ഹാൾ, ജവഹർ ബാലഭവൻ, ലിയോതേർട്ടീന്ത് എൽപിഎസ് ഹാൾ, കിടങ്ങാംപറന്പ് എൽപിഎസ് ഹാൾ, കാർമൽ സ്കൂൾ ഹാൾ, മോഡൽ എച്ച്എസ്എൽപിഎസ്, ഗവ. മുഹമ്മദൻസ് എൽപിഎസ് ഹാൾ, തിരുവാന്പാടി ഗവ. യുപിഎസ്, ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്എസ് ഹാൾ, സെന്റ് ജോസഫ്സ് എൽപിഎസ് ഓഡിറ്റോറിയം, സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസ് ഹാൾ, തത്തംപള്ളി എച്ച്എസ് ഹാൾ, ചെട്ടികാട് എസിഎംവി ജിയുപിഎസ്, കളർകോട് ഗവ. യുപിഎസ്, എസ്ഡിവി ഗവ. ജെബിഎസ്, കളർകോട് ഗവ. എൽപിഎസ്, റിക്രിയേഷൻ ഗ്രൗണ്ട് എന്നിവയാണ് വേദികൾ.
ഇതിൽ പതിനഞ്ചോളം വേദികൾ മാത്രമേ അടുത്തടുത്തായുള്ളൂ. കളർകോടും, ചെട്ടികാടുമുള്ള വേദികളിലെത്താൻ അല്പം യാത്ര ചെയ്തേ മതിയാകൂ.ചെലവിൽ കൂടുതൽ താമസത്തിനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ലോഡ്ജുടമകളുമായി ഇതുമായി ബന്ധപ്പെട്ട് യോഗം ചേരാനുള്ള ആലോചനയും സജീവമായുണ്ട്.
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഭക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഭക്ഷണം കഐസ്ടിഎയുടെ നേതൃത്വത്തിലാണ്. പഴയിടം മോഹനൻ നന്പൂതിരി സൗജന്യമായി പാചകം ചെയ്തു നല്കും. ഉച്ചഭക്ഷണത്തിന് ദിവസവും പന്തീരായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്.
പച്ചക്കറി, പലചരക്ക് സാധനങ്ങൾ കെഎസ്ടിഎയുടെ നേതൃത്വത്തിൽ എത്തിച്ചുനല്കും. ഇലയിട്ട് സദ്യ ഒഴിവാക്കി ഇക്കുറി സ്റ്റീൽ പാത്രങ്ങളിലാണ് വിളന്പുക. സ്റ്റേഡിയത്തിൽ തയാറാക്കുന്ന ഭക്ഷണം പ്രധാന വേദികളിലെത്തിച്ച് പാത്രങ്ങളിൽ വിളന്പിക്കൊടുക്കും.
വലിയ പന്തലിൽ ഭക്ഷണം കൊടുക്കുകയെന്ന ക്രമീകരണം ഇക്കുറിയുണ്ടാകില്ല. വേദികളിലേക്കാവശ്യമായ മറ്റു സംവിധാനങ്ങളും പലരും സൗജന്യമായി തന്നെയാണ് ഒരുക്കി നല്കുന്നത്. പരമാവധി ചെലവു ചുരുക്കി കൂടുതൽ മിഴിവോടെ കലോത്സവം നടത്തുകയെന്നതാണ് ലക്ഷ്യമെന്നു അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.