കോഴിക്കോട്: ജില്ലയില്‍ ഈവര്‍ഷം 130 എച്ച്വണ്എന്വണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പധികൃതര്‍ . നാല് മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. ഈമാസം മാത്രം 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരാള്‍ മരിക്കുകയും ചെയ്തു.
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും എച്ച്വണ്എന്വണ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു.
ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍
രോഗം വന്നയുടന്‍ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ , തൂവാല എന്നിവ മറ്റുളളവര്‍ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷമുണ്ടാക്കും. ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കറവുളളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ഛിക്കാനും സാധ്യതയുണ്ട്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധക്ക് കാരണമാകും.
സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്ക്കും. പനി, ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന, തൊണ്ടവേദന, ജലദോഷം വിറയല്‍ , ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍ . ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധൃതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം.
വൈറസിനെ നശിപ്പിക്കുന്ന ‘ഒസാള്‍ട്ടമിവിര്‍ ‘ മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇവ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗപ്രതിരോധ ശേഷി കുറവുളളവരില്‍ ഈ രോഗം പെട്ടെന്ന് ബാധിക്കാനും മൂര്‍ഛിക്കാനും സാധ്യതയുണ്ട്.ഗര്‍ഭിണികള്‍ , കുട്ടികള്‍, പ്രമേഹരോഗികള്‍ , വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍ , രക്തസമ്മര്‍ദ്ദം, കാന്‍സര്‍ , എച്ച്ഐവി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്.
കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് ഇടക്കിടയ്ക്ക് കഴുകുക, യാത്രയ്ക്ക് ശേഷം ഉടന്‍ കുളിക്കുക, രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക, രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക, ഉടന്‍ തന്നെ കൈ നന്നായി കഴുകുക, വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണം കണ്ടാല്‍ സ്കൂളില്‍ വിടാതിരിക്കുക, സ്കൂളുകളില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ രോഗവ്യാപനം തടയാന്‍ സ്കൂള്‍ അസംബ്ലി അത്യാവശ്യഘട്ടത്തില്‍ മാത്രം ചേരുക, ധാരാളം വെളളം കുടിക്കുക, നന്നായി ഉറങ്ങുക, പോഷകമൂല്യമുളള ഭക്ഷണം ധാരാളം കഴിക്കുക, ഇളം ചൂടുളള പാനീയങ്ങള്‍ ഇടക്കിടെ കുടിക്കുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ .
ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.