വടകര: ജില്ലാ സ്കൂൾ കലോത്സവത്തിലെ വിവാദ നാടകം കിത്താബിന്റെ പേരിൽ പ്രശസ്ത കഥാകൃത്ത് ആർ.ഉണ്ണിക്കുണ്ടായ വിഷമത്തിൽ ഖേദപ്രകടനവുമായി മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ അധികൃതർ.
ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള സമ്മാനവും നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന്റെ ’കിത്താബ് ’ എന്ന നാടകം കഥാകൃത്ത് ആർ. ഉണ്ണിയുടെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമല്ലെന്ന് സ്കൂൾ പ്രിൻസിപ്പളും ഹെഡ്മാസറ്ററും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ആ കഥയിലെ വാങ്കുവിളിക്കുന്ന പെണ്കുട്ടി എന്ന ഒരാശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചത്. നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ ഈ നാടകം ഒരു സ്വതന്ത്രരചനയാണ്.
കഥയുടെ പ്രമേയതലത്തെ നാടക രചനയിൽ പൂർണമായോ ഭാഗികമായോ ആശ്രയിക്കാത്തതു കൊണ്ടാണ് നാടകാവതരണത്തിനു മുന്പ് കഥാകൃത്തിന്റെ അനുവാദം വാങ്ങാതിരുന്നത്. എങ്കിലും ഈ നാടകാവതരണം കഥാകൃത്തിന് പല തരത്തിൽ വിഷമം സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നുവെന്നും ഇക്കാര്യത്തിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിനുള്ള നിർവ്യാജമായ ഖേദം ആർ.ഉണ്ണിയെ വിനയപൂർവം അറിയിക്കുകയാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.