ചാരുംമൂട്: നാലുവർഷം മുന്പ് അച്ഛനും അമ്മയും മരിച്ചു. നിർധനതയോട് അധ്വാനം നടത്തി പൊരുതി മാതാപിതാക്കളുടെ പേരിലുള്ള മൂന്നുസെന്റ് സ്ഥലത്തെ കൊച്ചു വീട്ടിൽ താമസം. ഡ്രൈവർ ജോലിയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ട്ടപ്പെടുന്പോഴും റോഡിൽ വെച്ച് കണ്മുന്പിൽ കളഞ്ഞുകിട്ടിയ രണ്ട് ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ സത്യസന്ധതക്ക് മാതൃക പകർന്നു.
നൂറനാട് പാലമേൽ മറ്റപ്പള്ളി വിജീഷ് ഭവനത്തിൽ പരേതരായ വിജയൻ സതി ദന്പതികളുടെ മകൻ വിഷ്ണു(26) ആണ് പന്തളം മുടിയൂർക്കോണം ചാമകണ്ടത്തിൽ ബാലകൃഷ്ണൻ (62) ന്റെ നഷ്ടപ്പെട്ട പണം നൂറനാട് പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി മാതൃകയായത്.
ആദിക്കാട്ടുകുളങ്ങര ആശാൻ കലുങ്ക് ജംഗ്ഷനിലെ ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ബാലകൃഷ്ണൻ റ്റെ പണം ഇന്ന് രാവിലെയാണ് യാത്രാമധ്യേ നഷ്ട്പ്പെട്ടത്. നൂറനാട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്ന വിഷ്ണുവിന് മറ്റപ്പള്ളി ഫയറിങ് റേഞ്ചിനു സമീപത്തെ റോഡിൽ നിന്നുമാണ് പണം കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ പണവുമായി വിഷ്ണു നൂറനാട് പോലീസ് സ്റ്റേഷനിലെത്തി പണം ഏൽപ്പിച്ചു. ഇതിനിടെ പണം നഷ്ടപ്പെട്ട ബാലകൃഷ്ണൻ പരാതി നൽകാൻ സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തിയപ്പോഴാണ് നഷ്ട്ടപ്പെട്ട രണ്ട് ലക്ഷം ഭദ്രമായി സ്റ്റേഷനിൽ കിട്ടിയ വിവരം ബാലകൃഷ്ണൻ അറിയുന്നത്. വിഷമത്തോടെ വന്ന ബാലകൃഷ്ണന് അപ്പോഴാണ് ആശ്വാസമായത്.
പിന്നീട് വിഷ്ണുതന്നെ പോലീസിന്റെ സാന്നിധ്യത്തിൽ അവകാശിയായ ബാലകൃഷ്ണന് പണം തിരികെ നൽകി. നൂറനാട് സജിവ എന്നയാളുടെ കടയിലെ ഡ്രൈവറായി നാലുവർഷം കൊണ്ടു ജോലിചെയ്യുകയാണ് വിഷ്ണു. ജോലിക്കായി ബൈക്കിൽ വരുന്നതിനിടയിലാണ് പണം കിട്ടിയത്