വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറി മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ. 2020ൽ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം. കാനഡയിലെ മുൻ അമേരിക്കൻ അംബാസിഡർ ആയിരുന്ന ഫ്രാങ്ക് മക്കെന്നയാണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
എന്നാൽ, ചോദ്യത്തിൽ നിന്ന് അതിവിദഗ്ധമായി ഹിലരി ഒഴിഞ്ഞുമാറി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിക്കാൻ കിട്ടിയ അവസരം അവർ പാഴാക്കിയതുമില്ല. മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ ഭരണകൂടം ശക്തമായ നിലപാടെടുക്കാത്തത് ട്രംപ് അടക്കമുള്ളമുള്ള ഭരണകർത്താക്കൾക്ക് മറ്റ് പല ലക്ഷ്യങ്ങളും ഉള്ളതിനാലാണെന്ന് അവർ ആരോപിച്ചു.
വാണിജ്യ താത്പര്യങ്ങളാണ് ട്രംപിനെയും കൂട്ടരെയും ഉറച്ച നിലപാടെടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സൗദിയുമായുള്ള ആയുധ ഉടമ്പടിയാണ് ഇതിന്റെ മുഖ്യകാരണമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ഇതേ ചോദ്യം ഹിലരിക്കു മുന്നിലെത്തിയപ്പോൾ പ്രസിഡന്റ് ആയിരിക്കാൻ തനിക്കിഷ്ടമാണെന്നായിരുന്നു അവരുടെ മറുപടി.
എന്നാൽ, പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുമോ എന്ന ചോദ്യം നിരവധി തവണ ആവർത്തിക്കപ്പെട്ടപ്പോഴെല്ലാം ഇത്തരത്തിൽ തന്ത്രപൂർവം ഒഴിഞ്ഞ് മാറുകയാണ് അവർ ചെയ്തത്.