തിരുവനന്തപുരം: ഐജി മനോജ് ഏബ്രഹാമിനെ എഡിജിപിയായി ഉയർത്തുന്നത് അടക്കം സംസ്ഥാനത്തെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്കു മന്ത്രിസഭ അംഗീകാരം നൽകി. 1994 ഐപിഎസ് ബാച്ചിലെ മനോജ് ഏബ്രഹാമിനെ എഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒഴിവു വരുന്ന മുറയ്ക്കു നിയമനം നൽകും. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐജിയാണു മനോജ് ഏബ്രഹാം.
1994 ഐഎഎസ് ബാച്ചിലെ രാഷേജ് കുമാർ സിൻഹ, സഞ്ജയ് ഗാർഗ്, എക്സ്. അനിൽ എന്നിവർക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനൽ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവർക്ക് സ്ഥാനക്കയറ്റം നൽകും.
2001 ഐപിഎസ് ബാച്ചിലെ എ.ആർ. സന്തോഷ് വർമയെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താനും 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാർ ഗുപ്ത, എ. അക്ബർ, കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ്കുമാർ എന്നിവരെ ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.