തിരുവനന്തപുരം: ഒരു കാര്യത്തിലും വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരിനെ വിവാദങ്ങളിൽ തളച്ചിട്ടിരിക്കുകയാണെന്നു സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കോടതി വിധി വന്നയുടനെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തിടുക്കത്തിലുള്ളതായിരുന്നു.
വിധിപ്പകർപ്പ് പോലും കിട്ടാതെ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി സർക്കാരിനേയും ഇടതുമുന്നണിയേയും വല്ലാത്ത പ്രതിസന്ധിയിലാണു കൊണ്ടെത്തിച്ചതെന്നും ബിജെപിയും ആർഎസ്എസും ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദി പിണറായി വിജയൻ മാത്രമാണെന്നും നേതാക്കൾ സംസ്ഥാന കൗണ്‍സിലിൽ പറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നേതാക്കളാണു മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.
ബന്ധു നിയമന വിവാദത്തെ തുടർന്നു മന്ത്രിയായിരുന്ന ഇ.പി. ജയരാജനു രാജിവയ്ക്കേണ്ടി വന്നു. അതിനുശേഷം സർക്കാർ തലത്തിൽ പ്രധാനമായും നടക്കുന്ന നിയമനങ്ങൾ ഇടതുമുന്നണി ചർച്ച ചെയ്യുമെന്നാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസ്ഥാന നേതാക്കളും ജില്ലാ കൗണ്‍സിലുകളിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്.
എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം സിപിഎം പറയുന്ന വഴിക്കാണു നടക്കുന്നതെന്നാണു മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള ബന്ധു നിയമന വിവാദവും സൂചിപ്പിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾപോലും ഇടതുമുന്നണിയിൽ ചർച്ച ചെയ്യുന്നില്ല. ഇതിന്റെ ഉത്തമ ഉദാഹരണമാണു ബ്രൂവറി വിവാദമെന്നും സംസ്ഥാന കൗണ്‍സിലിൽ വിമർശനമുയർന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന അവസ്ഥയിൽ സർക്കാർ നിരന്തരം വിവാദങ്ങളിൽപ്പെടുന്നതു ഗുണകരമല്ല. ശബരിമലയിലെ പ്രതിസന്ധികൾ സർക്കാർ തലത്തിൽ എത്രയും പെട്ടെന്നു പരിഹരിക്കണം. ദേവസ്വം ബോർഡിനെ അവരുടെ വഴിക്കു വിടണം. ഇല്ലെങ്കിൽ ഇടതുപാർട്ടികൾക്കു ദേശീയതലത്തിലും വിശേഷിച്ചു കേരളത്തിലും വലിയ തിരിച്ചടി ഉണ്ടാകുമെന്നും സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.