ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികളെ ഒഴിവാക്കാനുള്ള തീരുമാനവുമായി ഹോട്ടല്‍ ഉടമകള്‍. ഡിസംബര്‍ ഒന്നു മുതല്‍ എറണാകുളം ജില്ലയിലെ എല്ലാ ഹോട്ടലുകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കന്പനികളുമായുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് എറണാകുളത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലും ചൂഷണത്തിലും പ്രതിഷേധിച്ചാണ് തീരുമാനം. ഓണ്‍ലൈന്‍ ഭക്ഷണവില്പന നടത്താന്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുകളെ ചൂഷണം ചെയ്യുന്നു.
ഇതുമൂലം വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ അനുഭവിക്കുന്നതെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. വന്‍ ഓഫറുകള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ചെറുകിട ഭക്ഷണവ്യാപാര മേഖല കൈയടക്കുകയും തുടര്‍ന്ന് ഇപ്പോള്‍ നല്കുന്ന ഓഫറുകളുടെ നഷ്ടം പൊതുജനങ്ങളില്‍നിന്ന് ഈടാക്കുവാനുമുള്ള കോര്‍പ്പറേറ്റ് തന്ത്രമാണ് ഓണ്‍ലൈന്‍ കന്പനികള്‍ നടത്തുന്നതെന്നും കെഐച്ച്ആര്എ ആരോപിച്ചു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വ്യാപകമായതോടെ ആളുകള്‍ ഹോട്ടലിലേക്കു വരുന്നതു കുറഞ്ഞെന്നും ഇതുമൂലം ഹോട്ടല്‍ ബിസിനസ് തകര്‍ന്നെന്നും ഭാരവാഹികള്‍ പറയുന്നു. ആദ്യം ഹോട്ടലുകള്‍ മുഖേനയായിരുന്നു ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഹോട്ടലുകള്‍ അവര്‍ തന്നെ നിര്‍ദേശിച്ചു കൊടുക്കുകയാണ്. ഇതുമൂലം ചെറിയ വിഭാഗം ഹോട്ടലുകള്‍ക്കു വലിയ തോതില്‍ ബിസിനസ് കിട്ടുകയും ബഹുഭൂരിപക്ഷം ഹോട്ടലുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു. ഊബര്‍ ഈറ്റ്സ്, സൊമാറ്റോ, സ്വിഗി ഉള്‍പ്പടെയുള്ള കമ്പനികളാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ പ്രധാനമായും പ്രവര്‍ത്തിച്ചുവരുന്നത്.
കോയമ്പത്തൂരില്നിന്നുമുള്ള ടീമുമായി ചര്‍ച്ച
കമ്പനികളെ ഒഴിവാക്കിക്കൊണ്ട് സ്വന്തമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംവിധാനം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്. ഇതിനായി കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ഇന്ന് കൊച്ചിയിലെത്തും. ഇവരുമായി ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ വിലയിരുത്തുമെന്ന് കെഎച്ച്ആര്‍എ ഭാരവാഹികള്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ സജീവമമായി നില്ക്കുന്ന മറ്റുചില കമ്പനികളും സമീപിച്ചിട്ടുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പഠനവിധേയമാക്കിയശേഷം മാത്രമേ തീരുമാനമുണ്ടാകൂവെന്നും ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, കമ്പനികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായാല്‍ മാത്രമേ പ്രശ്നപരിഹാരത്തിനു സാധ്യതയുള്ളെന്നും അനുരഞ്ജന ചര്‍ച്ചകള്‍ക്കു ബഹുരാഷ്ട്ര കമ്പനി പ്രതിനിധികളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.