ചേർത്തല: കോടികളുടെ സ്വത്തിനുടമയായിരുന്ന കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറും. ഡിജിപി ഓഫീസ് ഇടപെട്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.
ബിന്ദുവിന്റെ സഹോദരനും പരാതിക്കാരനുമായ പ്രവീണ്‍കുമാർ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് നടപടി. ഇറ്റലിയിലായിരുന്ന പ്രവീണ്‍ നടപടികൾക്കായി നാട്ടിലെത്തിയിട്ടുണ്ട്. പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം നിലച്ച സാഹചര്യത്തിലാണ് സിബിഐ അന്വേഷണ ആവശ്യം ഉയർന്നത്.
ബിന്ദുപത്മനാഭനെ കാണാതായതായി സഹോദരൻ പ്രവീണ്‍കുമാർ 2017 സെപ്റ്റംബറിലായിരുന്നു പരാതി നൽകിയത്.
സഹോദരിയെകുറിച്ച് നാലുവർഷമായി വിവരമൊന്നുമില്ലെന്നായിരുന്നു പരാതി. സംശയിക്കുന്നവരുടെ ഇടപാടുകളും തെളിവുകളും സഹിതമായിരുന്നു പരാതി.
തുടർന്നു നടന്ന അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിൽ കളമശേരിയിലുണ്ടായിരുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റതടക്കം കണ്ടെത്തിയിരുന്നു. ഇതിൽ വസ്തു ഇടനിലക്കാരനായിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ഉൾപ്പടെ 11 പേർക്കെതിരേ കേസെടുത്ത് അറസ്റ്റുവരെ നടന്നെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല.
ഭൂമിതട്ടിപ്പുകേസുകൾ ചേർത്തല ഡിവൈഎസ്പി എ.ജി. ലാലും, തിരോധാനം നർക്കോട്ടിക്ക് ഡിവൈഎസ്പി എ. നിസാമിന്റെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷിച്ചിരുന്നത്. ഇതിനിടയിൽ സെബാസ്റ്റ്യൻ കോടതിയെ സമീപിക്കുകയും അനുകൂലവിധി സന്പാദിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം എങ്ങുമെത്താതെ പോയതെന്നും ആക്ഷേപമുണ്ട്.