നിയാസ് മുസ്തഫ
കോട്ടയം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി ബി.എ ആളൂരിന്റെ ചുമതലയിലുള്ള ഐഡിയൽ ക്രിയേഷൻസ് നിർമിക്കുന്ന ‘അവാസ്തവം’ എന്ന സിനിമക്കെതിരേ കേസ്. ചിത്രത്തിന്റെ സംവിധായകനായ സലിം ഇന്ത്യയെ എതിർ കക്ഷിയാക്കി പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവ ആണ് കേസ് നൽകിയിരിക്കുന്നത്. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബി എ. ആളൂരിന്റെ തിരക്കഥയിൽ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽ ക്കുന്ന നടൻ ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും ദിലീപ് വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്നും സലിം ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഐഡിയൽ ക്രിയേഷൻസിന്റെ ബാനറിൽ 10 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെതിരേ കേസ് വന്നിരിക്കുന്നത്.