മയ്യിൽ: ഫുട്ബോൾ കളിക്കിടെ പന്ത് പോലീസ് ജീപ്പിൽ തട്ടിയതുമായി ബന്ധപ്പെട്ട് കളിക്കാരനെ സ്റ്റേഷനിൽ എത്തിച്ചതിൽ പ്രതിഷേധം. മയ്യിലിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കളിക്കുന്നതിനിടെ റോഡിൽ വീണ ഫുട്ബോൾ മയ്യിൽ എസ്ഐ സഞ്ചരിച്ച പോലീസ് ജീപ്പിൽ തട്ടി. തട്ടിയ ഫുട്ബോൾ എസ്ഐ കൈവശപ്പെടുത്തി.
കളിക്കാരൻ ഇത് തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് കളിക്കാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫുട്ബോളിന് പിറകെ ഗ്രൗണ്ടിലെ കളിക്കാരും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനിൽ നടന്ന ബഹളം സോഷ്യൽ മീഡിയകളിൽ ലൈവായി.
പിന്നെ മയ്യിൽ പോലീസ് സ്റ്റേഷനിൽ ജനക്കൂട്ടമായി. ഫുട്ബോൾ വേണമെന്ന് ഒരു വിഭാഗം. കളിക്കാരനെയും വിട്ടുതരണമെന്ന് മറ്റൊരു കൂട്ടർ. വളരെ നേരം നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്കു ശേഷം രാത്രിയോടെയാണ് കൂട്ടുകാരനെയും കൂട്ടി കളിക്കാരും നാട്ടുകാരും സ്റ്റേഷൻ വിട്ടത്.