ഇപ്പോള്‍ വീഡിയോ ആപ്ലിക്കേഷനുകളുടെ കാലമാണ്. ദൈര്‍ഘ്യം കുറഞ്ഞ വിഡിയോ ക്ലിപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണ് ആളുകളെ പിടിക്കാന്‍ മത്സരിക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പോണോഗ്രാഫിയിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനുള്ള ചവിട്ടുപടിയായി കുട്ടികളോടു ലൈംഗികാസക്തി പ്രകടമാക്കുന്നവര്‍ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്.
ചൈനയിലെ ഇന്റര്‍നെറ്റ് അതികായന്മാരായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ക്വായ് എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേവലം 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോകളാണ് ഇവിടെ അപ് ലോഡു ചെയ്യാന്‍ സാധിക്കുക. ടിക് ടോക്, മ്യൂസിക്കലി തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ സമാന പ്രവര്‍ത്തനമാണ് ക്വായുടേതും. ഇഷ്ടപ്പെട്ട പാട്ടുകള്‍ സ്വയമോ അല്ലെങ്കില്‍ പരിചയമില്ലാത്ത ഒരാളുമായോ ഒത്തു പാടാനുള്ള അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്.
കൗമാരക്കാര്‍ മാത്രമല്ല ക്വായ് ഉപയോഗിക്കുന്നത്. 300 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ആഗോളതലത്തില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നല്ലൊരു പങ്കും പെണ്‍കുട്ടികളെ ഉയര്ത്തിക്കാട്ടുവാന് താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ എന്നര്‍ഥം വരുന്ന ഗ്രാമോം കി ബച്ചിയ എന്ന ഗ്രൂപ്പാണ് ഇതിനൊരു ഉദാഹരണമായി ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 98,000 ഫോളോവേഴ്സുള്ള ഈ അക്കൗണ്ടിലെ ഭൂരിഭാഗം പോസ്റ്റുകളും 12 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടേതാണ്. വീട്ടിനുള്ളില്‍ പെണ്‍കുട്ടികള്‍ നടക്കുന്നതു മുതല്‍ പാട്ടുപാടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വരെ കാഴ്ചകളാണ് ഈ കൊച്ചു വിഡിയോകളിലുള്ളത്.
കുട്ടികളെ ലൈംഗികതയിലേക്ക് നയിക്കാനുള്ള ഉപകരണമായി ഇത്തരം ആപ്ലിക്കേഷനുകള്‍ മാറുന്നുണ്ടെന്നാണ് ഇപ്പോള്‍ വ്യാപകമായി ഉയര്‍ന്നിരിക്കുന്ന പരാതി. ക്വായില്‍ ഇരയെ കണ്ടെത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ടെന്ന് സൈബര്‍ പീസ് ഫൗണ്ടേഷന്റെ പ്രൊജക്റ്റ് മാനേജര്‍ നിധീഷ് ചന്ദ്രന് പറയുന്നു. ചെറിയ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന വിഡിയോകളില്‍ കമന്റ് ചെയ്തവരില്‍ ഭൂരിഭാഗവും പ്രായമേറിയ ആളുകളുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ശരീരം, നൃത്തത്തിലെ സ്റ്റെപ്പുകള്‍ എന്നിവയെ കുറിച്ചുള്ള കമന്റുകള്‍ക്കു പുറമെ കൂടുതല്‍ ശരീര പ്രദര്‍ശനത്തിനു പ്രേരിപ്പിക്കുന്ന കമന്റുകളും കാണാം.
കുട്ടികളെ ലൈംഗികതയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കമായാണ് ആക്ടിവിസ്റ്റുകള്‍ ഇതിനെ കാണുന്നത്. നിര്‍ദോഷമെന്നു തോന്നിക്കുന്ന ഇത്തരം കമന്റുകളിലൂടെ കൂടുതല്‍ വഴങ്ങാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. സാധാരണ ഘട്ടത്തില്‍ സംശയത്തോടെ ഒഴിഞ്ഞുമാറാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ പോലും മറിച്ചു ചിന്തിക്കാന്‍ ഇതു കുട്ടികളെ പ്രേരിപ്പിക്കുന്നു. മധ്യവര്‍ഗ കൗമാരക്കാരെ ലക്ഷ്യമിടുന്നതാണ് ഇത്തരം വീഡിയോ ആപ്ലിക്കേഷനുകളെങ്കിലും ഇന്ത്യയില്‍ സ്ഥിതി മറിച്ചാണ്. മൊബൈല്‍ യുഗം പിറന്നതോടെ ഗ്രാമങ്ങളില്‍പ്പോലും ക്വായ്ക്കും മ്യൂസിക്കലിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. ചൈന കഴിഞ്ഞാല്‍ തങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്നാണ് ക്വായ് പറയുന്നത്.
സ്വയമേവ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ നിരീക്ഷണ സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും അനുയോജ്യമല്ലാത്ത വിഡിയോകള്‍ തള്ളിക്കളയാറുണ്ടെന്നും ക്വായ് ഇന്ത്യ മേധാവി ഗന്‍ട മുരളി അറിയിച്ചു. ക്വായ് ഉപയോഗിച്ചു പണം നേടാമെന്നതാണ് ചൂഷണത്തിനുള്ള മറ്റൊരു മേഖലയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിലെ ചില ഹാന്‍ഡിലുകള്‍ പ്രതിമാസം 28,000 രൂപയിലേറെ സമ്പാദിക്കുന്നുണ്ടെന്നു ഗന്‍ട മുരളി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റു ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടി അതുപോലെ പണമുണ്ടാക്കാമെന്നു വ്യാമോഹിപ്പിക്കുമ്പോള് കുട്ടികള്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.