ആമ്പല്ലൂർ: കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാക്കിയിട്ടും രോഗികൾക്കായി തുറന്നുകൊടുക്കുന്നില്ല. രണ്ട് നിലകളുള്ള കെട്ടിടം പണി പൂർത്തിയായിട്ട് ആറ് മാസത്തോളമായി. വേണ്ടത്ര സൗകര്യമില്ലാത്ത പഴയ ആശുപത്രി കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും ചികിത്സ തുടരുന്നത്.
നാല് ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആശുപത്രിയിലുള്ളത് രണ്ട് പേർ മാത്രമാണ്. ഇവരുടെ സേവനം ഉച്ചകഴിയുന്നതോടെ അവസാനിക്കുകയും ചെയ്യും.ആമ്പല്ലൂർ, കീച്ചേരി, അരയൻകാവ്, തോട്ടറ, ബ്രഹ്മമംഗലം പ്രദേശങ്ങളിലുള്ള സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പനുവദിച്ച 1.6 കോടി രൂപ ഉപയോഗിച്ചുള്ള വികസനപ്രവർത്തനങ്ങൾ പൂർത്തിയായിട്ടും പ്രവർത്തനക്ഷമമാകുന്നില്ല.
12 ബെഡുകളോട് കൂടിയ വാർഡ്, മരുന്നുകൾആധുനിക രീതിയിൽ ശീതീകരിച്ചു സൂക്ഷിക്കുവാനുള്ള സ്റ്റോർ റൂം,കുട്ടികൾക്കുള്ള വാക്സിനേഷൻ റൂം,ആശുപത്രിയുടെ ഓഫീസ് മുറികൾ,പബ്ളിക്ക് ഹെൽത്ത് വിംഗ്,ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള വിശ്രമ മുറികൾ എന്നിവയ്ക്കെല്ലാമുള്ള സൗകര്യത്തോട് കൂടിയ ഇരുനില കെട്ടിടമാണ് നിർമാണം പൂർത്തിയായിട്ടും രോഗികൾക്ക് തുറന്നുകൊടുക്കാത്തത്.
കുടിവെള്ള സംവിധാനം,സോളാർ എനർജി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്. നിലവിൽ ഈ സൗകര്യങ്ങളൊന്നും തന്നെ പൊതുജനത്തിന് ലഭിക്കുന്നില്ല. ഈ സൗകര്യങ്ങളെല്ലാം ഒരുക്കാൻ മുന്നിട്ടിറങ്ങിയ മെഡിക്കൽ ഓഫീസറെ ഏതാനും മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റിയതിനു ശേഷമാണ് ഈ മെല്ലെപ്പോക്കുകൾ ആരംഭിച്ചതെന്ന് പരിസരവാസികൾ പറയുന്നു.
സംഘടനകളെയും സ്പോൺസർമാരെയും കണ്ടെത്തി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. എതു നേരത്തും ജനങ്ങൾക്ക് ആശ്രയമായിരുന്ന ഡോക്ടറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചു പൊതുജനപ്രക്ഷോഭങ്ങളും നടന്നിരുന്നു. കോടികളുടെ വികസനപ്രവർത്തനങ്ങൾ നടന്നെങ്കിലും നിലവിൽ പൊതുജനത്തിന് ഒരു പ്രയോജനവുമില്ല എന്നതാണ് നിലവിലെ അവസ്ഥ.