തൃപ്രയാർ: പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തൃപ്രയാർ സബ് ആർടി ഓഫീസിൽ നിന്ന് 756 അപേക്ഷകരിൽ 575 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയെന്ന് ജോയിന്റ് ആർടി ഓഫീസർ നസീർ അവലോകന യോഗത്തിൽ വ്യക്തമാക്കി.
ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം ഉച്ചതിരിഞ്ഞ് നാലിന് തൃപ്രയാർ ആർടി ഓഫീസ് കോണ്ഫറൻസ് ഹാളിൽ വെച്ച് നേരിട്ട് ഒപ്പിട്ട് ലൈസൻസ് കൈയോടെ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. 30 വില്ലേജുകളിൽ നിന്ന് മൊത്തം 3613 അപേക്ഷകൾ സ്വീകരിച്ചതിൽ 2397 അപേക്ഷകളിലും തീർപ്പാക്കി.
സി.എഫ്. ടെസ്റ്റിൽ 951 വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകി.അശ്രദ്ധ, അനിയന്ത്രിത വേഗത, മൊബൈൽ ഉപയോഗിച്ച് വാഹനമോടിക്കൽ ഉൾപ്പടെയുള്ള കുറ്റ കൃത്യങ്ങൾ ചെയ്ത 16 പേരുടെ ഡ്രൈവിംഗ് ലൈസൻസും ഒരു മാസത്തിനുള്ളിൽ സസ്പെൻഡ് ചെയ്തുവെന്നും വാഹനസംബന്ധമായി കുറ്റകൃത്യങ്ങൾ ചെയ്തവരിൽ നിന്ന് 2 ലക്ഷത്തി 43,900 രൂപ പിഴയിനത്തിൽ ഈടാക്കിയെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.
ശബരിമല തീർത്ഥാടനം, തൃപ്രയാർ ഏകാദശി എന്നിവ കണക്കിലെടുത്ത് വരും ദിവസങ്ങളിൽ അപകടം കുറയ്ക്കാൻ വാഹന പരിശോധന കർശനമാക്കും. മൂന്നാം കണ്ണ് എന്ന പദ്ധതിയും തുടങ്ങി. യൂണിഫോമിലില്ലാതെ സാധാരണ വേഷത്തിൽ ഉദ്യോഗസ്ഥർ വാഹനങ്ങൾ തടയാതെ തന്നെ അപകടകരമായി വാഹനമോടിക്കുന്നവരെയും അത്തരം വാഹനങ്ങളും റജിസ്ട്രേഷൻ നന്പർ സഹിതം മൊബൈൽ ഫോണിൽ പകർത്തി കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ചാർജ് ചെയ്യും. പൊതുജനങ്ങൾക്കും സഹകരിക്കും.
ഇത്തരത്തിൽ വാഹനങ്ങൾ അപകട കരമായി ഓടുന്നത് കണ്ടാൽ മൊബൈലിൽ പകർത്തി 9188524 875എന്ന വാട്ട്സ് നന്പറിൽ തൃപ്രയാർ ആർ ടി ഓഫീസിലേക്ക് അയക്കാമെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു. വിവാദത്തെ തുടർന്ന് നിറുത്തി വെച്ച ഇ. സേവാകേന്ദ്രം തുടങ്ങാൻ കുടുംബശ്രി ജില്ലാ മിഷന് അനുവാദം നൽകിയതായി ജോ.ആർ.ടി.ഒ.വ്യക്തമാക്കി.അതേ സമയം ജോലി ഭാരത്തിനനുസരിച്ച് ആവശ്യമായ ജീവനക്കാരെ തൃപ്രയാർ സബ് ആർടി ഓഫീസിലില്ലെന്ന് പരാതിയുണ്ട്.