ഒരുകാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എന്നത് മലയാളികളായ ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്നു. താരങ്ങളെ തലയില്‍ വച്ച് ആരാധിച്ചിരുന്ന ആരാധക്കൂട്ടങ്ങള്‍ ഇപ്പോള്‍ അവരെ തരംകിട്ടുമ്പോഴൊക്കെ അപമാനിക്കാന്‍ ശ്രമിക്കുന്നത് പതിവായിരിക്കുകയാണ്. റിനോ ആന്റോ മുതല്‍ മുഹമ്മദ് റാഫി വരെ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാണ് തിരിച്ചുപോയത്.
ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗനാണ് പുതിയ ഇര. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ പെനാല്‍റ്റി വഴങ്ങിയശേഷം ജിംഗനെതിരേ സോഷ്യല്‍മീഡിയയില്‍ കനത്ത രീതിയിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ തന്നെ ഇതിന് ഉദാഹരണം. ജിംഗനും വനിതാ സുഹൃത്തും കൂടി കൊച്ചിയിലെ മാളില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അപ്പോള്‍ ഒരുകൂട്ടം ആരാധകര്‍ സെല്‍ഫിയെടുക്കാനായി എത്തി.
ഷേപ്പിംഗിന്റെ തിരക്കിലും പലര്‍ക്കുമൊപ്പം സെല്‍ഫിയെടുത്തു. എന്നാല്‍ പിന്നീട് വന്നവരോട് കുറച്ചു തിരക്കിലാണെന്ന് ജിംഗന്‍ പറഞ്ഞു. ഇതോടെ ആരാധകര്‍ ജിംഗനെതിരേ അസഭ്യവര്‍ഷം തുടരുകയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മോശമായ പദങ്ങളുപയോഗിച്ചാണ് ഇവര്‍ ജിംഗനെ നേരിട്ടത്. ആരാധകരെന്ന ഭാവത്തിലെത്തിയവരുടെ തെറിവിളി കേട്ട് മടുത്ത ജിംഗന്‍ സുഹൃത്തിനെയുമായി മടങ്ങുകയും ചെയ്തു.
സി.കെ വിനീതും മഞ്ഞപ്പട ആരാധകരും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളാണ്. തന്റെ കുടുംബത്തെ പോലും വെറുതെ വിടാത്ത ഇക്കൂട്ടര്‍ യഥാര്‍ഥ ആരാധകരല്ലെന്നു വിനീത് പറഞ്ഞിരുന്നു. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചനയും അഭിമുഖത്തിനിടെ നേരത്തെ വിനീത് നല്കി. ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്നത് വലിയ സമ്മര്‍ദമാണ് നല്കുന്നതെന്നും പലപ്പോഴും അനാവശ്യ കാര്യങ്ങള്‍ക്ക് ബലിയാടാകേണ്ടി വരുന്നുവെന്ന പരിഭവവും താരം പങ്കുവയ്ക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി മത്സരത്തിനുശേഷം സി.കെ. വിനീതിനെ ചില ആരാധകര്‍ സ്റ്റേഡിയത്തില്‍ വച്ച് ചീത്തവിളിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി വിനീതിന് മാത്രമല്ല ആ കളിക്കാരന്റെ കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു. കളി കാണാനെത്തിയ സ്ത്രീകളായ ബെംഗളൂരു ഫാന്‍സിനെയും മഞ്ഞപ്പട ആരാധകര്‍ എന്നവകാശപ്പെടുന്നവര്‍ വെറുതെ വിട്ടില്ല. വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഒരുകൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നും ഉണ്ടായത്. സാക് ജെയിംസ് ക്യാംപെയ്നും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നു.