ഇരിങ്ങാലക്കുട: നഗരസഭയിലെ കരുവന്നൂർ രണ്ടാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ് . സെന്റ്് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ രാവിലെ ഏഴിനു തന്നെ വോട്ടിംഗ് ആരംഭിച്ചു. തുടക്കം മുതൽ തന്നെ വോട്ടർമാരുടെ നീണ്ടനിര ദ്യശ്യമാണ്. വിസ്തൃതിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള കരുവന്നൂർ ബംഗ്ലാവ് രണ്ടാം വാർഡിൽ 1700 ഓളം വോട്ടർമാരാണുള്ളത്.
ഒരു ഇലക്ട്രോണിക് മെഷീൻ മാത്രമാണ് പോളിംഗ് സെന്ററിലുള്ളത്. ഡെപ്യൂട്ടി കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ രാധാക്യഷ്ണൻ, എആർഒ ജോസ് ജോണ്‍സ് എന്നിവർ വോട്ടിംഗ് നടപടികൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് സ്ഥലത്തുണ്ട്. തർക്കങ്ങളെ തുടർന്ന് പോളിംഗ് സെന്ററിനു മുന്നിൽനിന്ന് സ്ഥാനാർഥികളെയും വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രവർത്തകരെയും എസ്ഐ സി.വി. ബിബിന്റെ നേതൃത്വത്തിലുള്ള സംഘം മാറ്റി.
കൗണ്‍സിലറായിരുന്ന സിപിഐ അംഗം വി.കെ. സരളയുടെ നിര്യാണത്തെ തുടർന്നാണ് രണ്ടാംവാർഡ് ഉപതെരഞ്ഞെടുപ്പിനു വേദിയാകുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ വി.കെ. സരളയുടെ മകൻ കെ.എം. കൃഷ്ണകുമാർ, യുഡിഎഫ് സ്ഥാനാർഥിയായ ടി.ഒ. ഫ്ളോറൻ, എൻഡിഎ സ്ഥാനാർഥി പ്രവീണ്‍ ഭരതൻ എന്നീ പുതുമുഖങ്ങളാണു ജനവിധി നേടുന്നത്.
പൊറത്തിശേരി പഞ്ചായത്ത് നിലനിന്നിരുന്ന 1995 ൽ യുഡിഎഫ് നിയന്ത്രണത്തിലുണ്ടായിരുന്ന വാർഡ് 2010 ൽ നഗരസഭാ പ്രദേശമായതോടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. 19 സീറ്റുകളുള്ള യുഡിഎഫിനും എൽഡിഎഫിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. എങ്ങനെയും ഈ സീറ്റ് നിലനിർത്തുക എന്നുള്ളതാണ് എൽഡിഎഫിന്റെ ലക്ഷ്യമെങ്കിൽ ഏതു വിധേനെയും വിജയം നേടി വാർഡ് തിരിച്ചുപിടിക്കുക എന്നുള്ളത് നഗരസഭാ ഭരണം കയ്യാളുന്ന കോണ്‍ഗ്രസിന്റെ നീക്കം.
പോളിംഗ് ബൂത്തിൽ പരമാവധി വോട്ടർമാരെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളുടെയും നേതാക്കളും പ്രവർത്തകരും. നാളെ രാവിലെയാണ് വോട്ടെണ്ണൽ. സ്ഥലത്ത് ശക്തമായ പോലീസ് സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.