രാജ്യത്തെ ജനങ്ങളുടെ തലയില്‍ ഇടിത്തീ പോലെയാണ് 2016 നവംബര്‍ എട്ടാം തിയതി ആ വാര്‍ത്ത വന്ന് പതിഞ്ഞത്. 500, 1000 നോട്ടുകള്‍ നിരോധിക്കുന്നു എന്നതായിരുന്നു അത്. ജനങ്ങള്‍ നക്ഷത്രമെണ്ണിയ കുറെയധികം നാളുകള്‍ക്ക് ശേഷമാണ് 2000 ത്തിന്റെയും 200 ന്റെയുമൊക്കെ നോട്ടുകള്‍ കണ്ണഞ്ചിപ്പിക്കുന്ന നിറത്തോടെ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഈ പുതിയ കളര്‍ നോട്ടുകള്‍ ആളുകള്‍ക്ക് വീണ്ടും പണിയായിരിക്കുകയാണ്.
ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്നുവരെ അവകാശപ്പെട്ട് പുറത്തിറക്കിയ കറന്‍സികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന നോട്ടുകളുടെയത്ര ഗുണമുള്ള പേപ്പറുകളിലല്ല പുതിയ നോട്ടുകള്‍ അച്ചടിച്ചതെന്നും ഇതാണ് നോട്ടുകള്‍ ഉപയോഗ ശൂന്യമാകാന്‍ കാരണമെന്നും ഹിന്ദി പത്രമായ അമര്‍ ഉജാല റിപ്പോര്‍ട്ടു ചെയ്യുന്നു.
കറന്‍സികള്‍ കേടുവന്നാല്‍ അത് എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ക്വാളിറ്റി കുറഞ്ഞ നോട്ടുകള്‍ എ.ടി.എമ്മുകളിലെ സെന്‍സറുകള്‍ക്ക് തിട്ടപ്പെടുത്താനാവില്ലയെന്നതിനാലാണിത്. 2016ല്‍ ഇറങ്ങിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ മാത്രമല്ല 2018ല്‍ പുറത്തിറങ്ങിയ പത്തിന്റെ പുതിയ നോട്ടുകള്‍ വരെ ഇതിനകം ഉപയോഗശൂന്യമായ നോട്ടുകളുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ നോട്ടിന്റെ ക്വാളിറ്റി കുറഞ്ഞതല്ല മറിച്ച് നോട്ട് സൂക്ഷിക്കുന്നതിലെ പ്രശ്നങ്ങളാണ് കറന്‍സികള്‍ ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ‘ നോട്ടുകള്‍ ഉപയോഗശൂന്യമാകാന്‍ കാരണം ഇന്ത്യയിലെ ആളുകള്‍ കറന്‍സികള്‍ ചുരുട്ടിയും സാരിയിലും മുണ്ടിലും കെട്ടിയും സൂക്ഷിക്കുന്നതാണ്.’ ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായി അമര്‍ ഉജാല റിപ്പോര്‍ട്ടു ചെയ്യുന്നു.