കണ്ണൂർ: മോഷ്ടിച്ച കാറുമായി നഗരം ചുറ്റാനിറങ്ങിയ 17കാരനെ പോലീസ് സാഹസികമായി പിന്തുടർന്നു പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂർ കാൽടെക്സിനു സമീപം ടൗൺ സിഐ ടി.കെ. രത്നകുമാർ, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കൈകാണിച്ചു നിർത്താതെ പോയ പച്ചകളർ മാരുതി 800 കാർ പോലീസ് സംഘം പിന്തുടരുകയായിരുന്നു.
കാൽടെക്സിലെ സിഗ്നൽ വെട്ടിച്ച് അശോകാ റോഡിലേക്ക് അതിവേഗം കാർ ഓടിച്ചുപോയി. പോലീസും കാറിനെ പിന്തുടർന്നു. പോലീസ് അടുത്തെത്തിയെന്ന് മനസിലാക്കിയ യുവാവ് കാർ വഴിയിൽ ഉപേക്ഷിച്ച് ഇരുട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
പിന്തുടർന്ന പോലീസ് യുവാവിനെ സാഹസികമായി കീഴടക്കുകയായിരുന്നു. കഴിഞ്ഞാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കാണാതായ കാറാണിതെന്ന് അന്വേഷണത്തിൽ പോലീസിന് മനസിലായി. കെഎൽ 13ഇ 5560 നന്പർ മാരുതി 800 കാറാണ് മോഷണം പോയത്.
എന്നാൽ ഈ കാറിന്റെ നന്പർ പ്ലേറ്റ് കെഎൽ 11 എഡി 5821 എന്നാക്കിമാറ്റിയാണ് കറങ്ങിയടിച്ചത്. കന്പിൽ സ്വദേശിയായ പതിനേഴുകാരന്റെ പേരിൽ ജുവൈനൽ ആക്ട്പ്രകാരം പോലീസ് കേസെടുത്തു.