പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന ഭക്തർ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകർത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളർത്താനാണെന്ന് അദ്ദേഹം ആരോപിച്ചു.
കാണിക്ക നൽകാതെ തിരുവതാംകൂർ ദേവസ്വം ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോർഡിലെ ജീവനക്കാരെയും പെൻഷൻകാരെയും ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഇത്തരക്കാർ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവർ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പന്പയിൽ പ്രളയാനന്തര നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ടാറ്റാ കണ്‍സൾട്ടൻസി പണം വേണ്ടെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ടാറ്റാ കണ്‍സൾട്ടൻസി സൗജന്യമായി ചെയ്തു തന്നത്. ടാറ്റയെ പ്രളയാനന്തര പുനർനിർമാണം ഏൽപ്പിച്ചതിനെയും വിമർശിച്ചവർ ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.