ദീപ നിശാന്ത്, സോഷ്യല്‍മീഡിയ സൂപ്പര്‍സ്റ്റാറാക്കിയ വ്യക്തിത്വങ്ങളിലൊന്ന്. ലോകത്തെവിടെ എന്തു കാര്യം നടന്നാലും ദീപയുടെ വാക്കുകള്‍ക്കായി ആരാധകര്‍ കാതോര്‍ത്തു. ഒരുകൂട്ടം ആരാധകരുടെ ആരാധകപാത്രമായ ദീപയുടെ കോപ്പിയടി ഒടുവില്‍ കൈയ്യോടെ പിടികൂടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.
യുവകവി എസ്. കലേഷ് 2011ല്‍ ബ്ലോഗിലും പുസ്തകമായും പ്രസിദ്ധീകരിച്ച അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കൃതിയാണ് ചില അക്ഷരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ദീപ പ്രസിദ്ധീകരിച്ചത്. തന്റെ കൃതി അതുപോലെ തന്നെ ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കണ്ടതോടെ കലേഷ് സോഷ്യല്‍മീഡിയയില്‍ കുറിപ്പെഴുതിയതോടെയാണ് ദീപയുടെ കോപ്പിയടി പുറത്തറിയുന്നത്. ഇതോടെ ന്യായീകരണവുമായി ദീപ രംഗത്തു വന്നെങ്കിലും അവര്‍ എഴുതിയതാണോ അതോ അടിച്ചുമാറ്റിയതാണോ എന്നകാര്യത്തില്‍ ദീപ മൗനം പാലിക്കുകയാണ്.
എസ് കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomsa അഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരന് Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു.
2015-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. AKPCTA യുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍!
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര് ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.
കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക.
ഞാനിതില്‍ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സര്‍ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയര്ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.
എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഇക്കാര്യത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതില്‍ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങള്‍ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.