എരുമേലി : 64 കാരനായ മുരളീധരന്റെ ശബ്ദം വിശക്കുന്നവരുടെ വയറുകൾക്ക് ആശ്വാസം പകരുന്നതാണ്. കാൽ നൂറ്റാണ്ടായി ആ ശബ്ദം വിവിധ ഭാഷകളിലായി ഓരോ ശബരിമല സീസണിലും ഇടതടവില്ലാതെ ഉച്ചഭാഷിണിയിലൂടെ എരുമേലി ടൗണിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഒന്‍പത് ഭാഷകൾ നന്നായി അറിയാം പൊന്തൻപുഴ മുല്ലേശേരിൽ കെ. പി. മുരളീധരന്. എരുമേലിയിൽ അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാന കേന്ദ്രത്തിൽ അനൗണ്‍സറായി സൗജന്യമായി നൽകുന്ന സേവനം ഇപ്പോൾ 25 വർഷത്തിലെത്തി നിൽക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിലാണ് അന്നദാന കേന്ദ്രത്തിൽ ഭക്ഷണം കഴിക്കാനായി മൈക്കിലൂടെ ക്ഷണിക്കുന്നത്.
അറബി, ഗുജറാത്തി, ബംഗാളി, ആസാമീസ്, ഉറുദു ഭാഷകളും സംസാരിക്കാൻ അറിയാമെന്ന് മുരളീധരൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും വർഷങ്ങളോളം ജോലി ചെയ്ത അനുഭവമാണ് ഇത്രയേറെ ഭാഷകൾ പരിചയത്തിലാക്കാൻ സഹായിച്ചതെന്നും മുരളീധരൻ പറയുന്നു.
10 വർഷം മുന്‍പ് എരുമേലിയിൽ ശബരിമല സീസണിൽ രാത്രിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ അയ്യപ്പഭക്തർക്ക് മുന്നറിയിപ്പ് നൽകാൻ പോലീസ് ഉപയോഗപ്പെടുത്തിയത് മുരളീധരന്റെ ശബ്ദമായിരുന്നു.
പേരൂർതോട് വഴി കാനനപാതയിലേക്ക് പോകുന്ന ഭക്തരെ വെള്ളപ്പൊക്കമുണ്ടെന്ന് മുന്നറിയിപ്പ് നൽകി രക്ഷിക്കാൻ കഴിഞ്ഞത് മുരളീധരന് മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ് .
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തർക്ക് ഒപ്പമുള്ളവരെ തിരക്കിനിടയിൽനിന്നു കണ്ടെത്താനും നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ കിട്ടാനും വിവിധ ഭാഷകളിലുള്ള മുരളീധരന്റെ അനൗണ്‍സ്മെന്റ് സഹായമായി മാറുന്നു.
പ്രതിഫലം ആഗ്രഹിക്കാത്ത ഈ അയ്യപ്പ സേവനം ജീവിതാവസാനം വരെ തുടരണമെന്നതാണ് മുരളീധരന്റെ ആഗ്രഹം. വിജയമ്മയാണ് ഭാര്യ. മക്കൾ -മനോജ്, മഹേഷ്, മൃദുല.