പാലാ: കടയുടമ പറഞ്ഞുവെന്ന് കളവുപറഞ്ഞ് ജീവനക്കാരിൽനിന്നു പണം തട്ടുന്ന വിരുതൻ വീണ്ടും പാലായിലും ഈരാറ്റുപേട്ടയിലും വിലസുന്നു. കഴിഞ്ഞ ദിവസം പാലായിലെ ഒരു കടയിൽ നിന്നും 2800 രൂപയും ഒരാഴ്ച മുന്പ് ഈരാറ്റുപേട്ട അരുവിത്തുറയിലെ ഒരു കടയിൽ നിന്നും 2650 രൂപയും ഇത്തരത്തിൽ തട്ടിയെടുത്തു. രണ്ട് വർഷം മുന്പ് സമാനമായ രീതിയിൽ പാലായിലെ വിവിധ കടകളിൽ നിന്നായി പതിനായിരങ്ങൾ തട്ടിയെടുത്തിരുന്നു. അന്ന് ചില കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ഇത്തവണയും തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നതായി പാലാ പോലീസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ പാലാ തെക്കേക്കര നഗരസഭാ കോംപ്ലക്സിലെ ജീവനം ആയൂർവേദിക് ക്ലിനിക്കിൽ എത്തിയ യുവാവ് കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് 7800 രൂപ ചോദിച്ചു. ഈ സമയം കടയുടമ അവിടെ ഉണ്ടായിരുന്നില്ല. പണം കൊടുക്കാൻ ജീവനക്കാരി ഒന്നു മടിച്ചപ്പോൾ വന്ന യുവാവ് അലക്സിനെ ’ഫോണ് വിളിക്കുന്നതായി ’ നടിച്ചു. ഇതു കേട്ടതോടെ ജീവനക്കാരി കടയിൽ ഉണ്ടായിരുന്ന 2800 രൂപ കൊടുത്തു. ബാക്കി തുക കൂടി യുവാവ് ആവശ്യപ്പെട്ടതോടെ യുവതി അലക്സിനെ വിളിക്കാനൊരുങ്ങി.
ഇതോടെ തിരക്കിട്ട് പുറത്തേക്കിറങ്ങിയ ഇയാൾ ഒരു ഓട്ടോയിൽ കയറി കടന്നുകളയുകയായിരുന്നു. ജീവനക്കാരി ഉടമയെ വിളിച്ചപ്പോൾ ഇക്കാര്യമൊന്നും ഉടമ അറിഞ്ഞിരുന്നേയില്ലെന്ന് വ്യക്തമായി. പാന്റും നീല ഷർട്ടും കൈച്ചെയിനുമൊക്കെ ധരിച്ചെത്തിയ സുമുഖനായ യുവാവാണ് തട്ടിപ്പ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.
ഒരാഴ്ച മുന്പ് ഈരാറ്റുപേട്ട ആലപ്പാട്ട് ഗോൾഡ് കവറിംഗ് സ്ഥാപനത്തിലും ഇതേ രീതിയിൽ തട്ടിപ്പ് നടന്നു.
കടയുടമ ജോർജ് ഉച്ചയൂണിന് വീട്ടിലേക്കു പോയ ഉടൻ കടയിലെത്തിയ യുവാവ് ജോർജ് പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കടയിലുണ്ടായിരുന്ന ജോർജിന്റെ ഭാര്യ സജയിൽ നിന്നും 2650 രൂപ തട്ടിയെടുത്തു. അവിടെയും 7500 രൂപയാണ് ചോദിച്ചത്. ജോർജിനെ ഫോണിൽ വിളിക്കുന്നതായി നടിക്കുകയും ചെയ്തു.
പാലായിലെ ആയൂർവേദ മരുന്ന് കടയിൽ തട്ടിപ്പുകാരന്റെ മുഖം സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ചിത്രം സഹിതം കടയുടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുന്പ് പാലായിൽ കടകളിൽ തുടരെ തട്ടിപ്പ് നടത്തിയ വിരുതനാണ് ഇത്തവണയും രംഗത്തിറങ്ങിയതെന്ന് പോലീസ് കരുതുന്നു. ചങ്ങനാശേരി സ്വദേശിയായ ഈ യുവാവിനെ തേടിപ്പിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.