മെൽബണ്‍: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ വിരാട് കോഹ്ലിയെ ഉസ്മാൻ ഖവാജ പിന്നിലാക്കുമെന്ന് ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗ്. പരന്പരയിൽ ഓസ്ട്രേലിയയ്ക്കാണ് സാധ്യതയെന്നു പറഞ്ഞ പോണ്ടിംഗ്, ഖവാജ പരന്പരയുടെ താരമാകുമെന്നും പ്രവചിച്ചു.
ഖവാജ മികച്ച ഫോമിലാണ്. ഓസ്ട്രേലിയയിൽ അദ്ദേഹത്തിന്റെ റിക്കാർഡ് മികച്ചതാണ്. ഇന്ത്യ പേസ് ബൗളിംഗിനെ നേരിടാനുള്ള കരുത്ത് ഖവാജയ്ക്കുണ്ട്. ഖവാജ കോഹ്ലിയെ പിന്നിലാക്കും. അദ്ദേഹം പരന്പരയിലെ മികച്ച റണ്‍ സ്കോററും മാൻ ഓഫ് ദി സീരീസുമാകുമെന്നാണു ഞാൻ കരുതുന്നത്- ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു നൽകിയ അഭിമുഖത്തിൽ പോണ്ടിംഗ് പറഞ്ഞു. 2-1 എന്ന സ്കോറിൽ പരന്പര ഓസീസ് സ്വന്തമാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ഏതു സാഹചര്യത്തിലും കളിക്കാനുള്ള കഴിവ് കോഹ്ലിക്കുണ്ടെങ്കിലും സിഡ്നിയിലെയും അഡ്ലെയ്ഡിലെയും സാഹചര്യങ്ങൾ അദ്ദേഹത്തിന് വിഷമകരമായിരിക്കുമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. ഡിസംബർ ആറിനാണ് ടെസ്റ്റ് പരന്പര ആരംഭിക്കുന്നത്. നാലു ടെസ്റ്റുകൾ അടങ്ങിയതാണു പരന്പര.