ചെന്നൈ: തുടർച്ചയായ എട്ടാം മത്സരത്തിലും ജയിക്കാനാവാതെ കേരളം. ജയിച്ചില്ലെങ്കിലും തോറ്റില്ലല്ലോ എന്ന ആശ്വാസത്തിൽ ഡേവിഡ് ജയിംസും ബ്ലാസ്റ്റേഴ്സും. നിർണായക മത്സരത്തിൽ ഗോളടിക്കാൻ മറന്ന ചെന്നൈയ്ൻ എഫ്സി ബ്ലാഴ്സ്റ്റേഴ്സിന് ഒരു പോയിന്റ് ദാനമായി നൽകി. നാല് ഗോളുകൾക്കെങ്കിലും മഞ്ഞപ്പട തോൽക്കേണ്ട മത്സരമായിരുന്നു ചെന്നയ്ൻ ഗോൾ രഹിത സമനിലയിൽ അവസാനിപ്പിച്ചത്.
കേരളത്തിന്റെ ഗോൾ കീപ്പർ ധീരജ് സിംഗിന്റെ ധീരമായ സേവും ചെന്നൈയ്ൻ എന്നത്തെയുംപോലെ പോസ്റ്റിനുമുന്നിൽ കളിമറക്കുന്നതും കേരളത്തെ തുണച്ചു. ഗോളെന്നുറച്ച മൂന്നിലേറെ ഷോട്ടുകൾ തടുത്തിട്ട ധീരജ് സിംഗ് മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ടീമിൽ വമ്പൻ അഴിച്ചുപണിയുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നും കളത്തിലിറങ്ങിയത്. നായകൻ സന്ദേശ് ജിങ്കനെ പുറത്തിരുത്തിയാണ് ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയത്.
പകരക്കാരനായെത്തിയ മലയാളി താരം അനസ് എടത്തൊടികയും സിറിൾ കാലിയും ജിങ്കന്റെ കുറവ് അറിയിച്ചതുമില്ല. ആദ്യ പകുതിയിൽ തളികയിലെന്നവണ്ണം ലഭിച്ച രണ്ടു അവസരങ്ങളാണ് ചെന്നൈയ്ൻ തുലച്ചുകളഞ്ഞത്.
നിരന്തരം കേരള ബോക്സിൽ സമ്മർദം ചലുത്തിയ ചെന്നൈയ്നു മികച്ച സ്ട്രൈക്കറുടെ അഭാവം സ്വന്തം മൈതാനത്തും തെളിഞ്ഞുകണ്ടു. മറുഭാഗത്ത് കേരളത്തിൽനിന്ന് സുന്ദരമായ ഒരു കളിനിമിഷംപോലും ഉണ്ടായില്ല. രണ്ടാം പകുതിയിൽ ബോക്സിനുള്ളിൽനിന്ന് സഹൽ അബ്ദുൾ സമദിന്റെ ഗോൾ ശ്രമം മഞ്ഞപ്പടയുടെ ആരാധകരെ കൊതിപ്പിച്ചു.
ബോക്സിനുള്ളിൽനിന്നും സഹലിന്റെ വെടിയുണ്ട ഷോട്ട് ചെന്നൈയ്ൻ ഗോൾ കീപ്പർ തട്ടിയകറ്റി. റീബൗണ്ട് കേരളത്തിനു മുതലാക്കാനും സാധിച്ചില്ല. സമനിലയോടെ കേരളം എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുകയാണ്. ചെന്നൈയ്നാണ് തൊട്ടുപിന്നിൽ.