തളിപ്പറമ്പ്: കീഴാറ്റൂര്‍ നെല്‍വയല്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ വയല്‍ക്കിളികളുടെയും ഐക്യദാര്‍ഢ്യസമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. ഡിസംബര്‍ 30 ന് പരിസ്ഥിതികേരളം വയൽ പിടിച്ചെടുക്കുമെന്ന് യോഗം അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കീഴാറ്റൂരിലെത്തിയായിരിക്കും നെല്‍വയല്‍ പിടിച്ചെടുക്കല്‍ പരിപാടി ആവിഷ്കരിക്കുക. പ്രളയാനന്തര കേരളത്തിന് ഒരുതുണ്ട് നെല്‍വയലും തണ്ണീര്‍ത്തടവും നഷ്ടപ്പെടുത്താനാകില്ലെന്നും ഇനിയൊരു ചുങ്കപ്പാതയെ താങ്ങാനുള്ള കരുത്ത് കേരളത്തിനില്ലെന്നും യോഗം വിലയിരുത്തി.
നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് അന്‍പതുകളില്‍ കേരളം ഉയര്‍ത്തിയ ഉജ്വലമായ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയായിരിക്കും ഈ സമരമെന്ന് യോഗം വിലയിരുത്തിയതായി ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു.