പാലക്കാട്: ചക്കയ്ക്കൊപ്പമെത്തുമോ ചാരപ്പൂവൻ..? കാത്തിരുന്നു കാണാം. ചക്കയുടെ മാഹാത്മ്യം ജനമനസുകളിലെത്തിച്ച കാഞ്ഞിരപ്പുഴ ഇരുന്പകച്ചോല പാലയ്ക്കത്തറപ്പിൽ ജെയിംസ് മറ്റൊരു പ്രയാണത്തിലാണ്. ഇരുപതാണ്ട് ചക്കയുടെ പിന്നാലെയാണ് നടന്നതെങ്കിൽ ഇത്തവണ നടത്തം ചാരപ്പൂവനെന്ന പഴത്തിനു പിന്നാലെയാണ്.
ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ജെയിംസ് എത്തിയതിന്റെ ഫലം നാം കണ്ടതാണ്. സംസ്ഥാനഫലമായി ചക്കയെ പ്രഖ്യാപിക്കുന്പോൾ എല്ലാവരുടെയും മനസിൽ ഓടിയെത്തിയതും ഈ ”ചക്ക ജെയിംസിന്റെ’ പേരാണ്.
ചാരപ്പൂവൻ പഴത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങളുമായാണ് ഇപ്പോൾ ജെയിംസിന്റെ കടന്നുവരവ്. അതും മൂന്നുവർഷത്തെ പരീക്ഷണ- ഗവേഷണത്തിന്റെ ഫലവുമായി. പക്ഷെ, ഇത്തവണ ഒരു അടിക്കുറിപ്പുമായാണ് വരവ്. ഇതിന്റെ പിന്നാലെ ഓടാനൊന്നും എന്നെക്കിട്ടില്ല. ഗവേഷണ, പരീക്ഷണ ഫലങ്ങൾ ആർക്കു വേണമെങ്കിലും കൈമാറാൻ തയാർ.
ജനങ്ങൾക്ക് ഏറ്റവും ഗുണകരമായേക്കാവുന്ന ഈ സംരംഭത്തിന് ആരു മുൻകൈയെടുത്താലും സഹായിക്കാനും തയാർ – പാലക്കാട് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് ജെയിംസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാരപ്പൂവന്റെ മൂല്യവർധിത ഉത്പന്നങ്ങളിൽ ഉപ്പുമാവും വാഴയ്ക്കാ കറിയും ഇലയടയും പായസവുമെല്ലാം ഉൾപ്പെടുന്നു.
പഴവും കായയും പ്രത്യേക രീതിയിൽ ഉണക്കി സംസ്കരിച്ചെടുക്കണം. ഇതിൽനിന്നാണ് ഓരോ ഉത്പന്നങ്ങളും തയാറാക്കുന്നത്. പ്രമേഹരോഗികൾക്കു കഴിക്കാവുന്ന ഉത്തമ ഭക്ഷണമാണ് ചാരപ്പൂവൻ ഉപ്പുമാവെന്നു ജെയിംസ് പറയുന്നു. പഴം ഉണങ്ങിയതും വാഴയ്ക്കാപ്പൊടിയും ചേർത്തുണ്ടാക്കുന്നതാണ് ഇലയട. തേങ്ങാപ്പാലിലും പശുവിൻപാലിലും പായസമുണ്ടാക്കാനാകുമെന്നും ജെയിംസ് പറയുന്നു.
കേരളത്തിലെ വാഴയിനങ്ങളിൽ ഏറെ ശ്രദ്ധിക്കാതെ പോയൊരിനമാണ് ചാരപ്പൂവൻ. പഴത്തിന്റെ രുചി പലർക്കും സ്വീകാര്യമെല്ലെന്നതാണ് പ്രധാന കാരണം. മുപ്പതുവർഷം മുന്പ് അട്ടപ്പാടിയിൽ വ്യാപകമായി ചാരപ്പൂവൻ കൃഷി ചെയ്തിരുന്നു. മാർക്കറ്റിൽ ഈയിനത്തിനു പ്രിയം കുറഞ്ഞതോടെ കൃഷി അന്യം നിന്നുപോയി.
നാളിതുവരെയായി യാതൊരു രോഗങ്ങളും ചാരപ്പൂവനിൽ കണ്ടെത്തിയിട്ടില്ല. ഒരു വാഴ നട്ടാൽ പതിനഞ്ചുവർഷം ഇതിൽനിന്നും ആദായം ലഭിക്കും. രാസവളമോ കീടനാശിനിയോ ആവശ്യമില്ല. കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ ഇത്തരം വാഴകൃഷിക്ക് അനന്തസാധ്യതയുണ്ട്.
പ്രകൃതിദുരന്തം ബാധിച്ച പ്രദേശങ്ങളിൽ കൃഷി വ്യാപിപ്പിക്കുകയാണെങ്കിൽ കർഷകർക്ക് അനുഗ്രഹമാകുമെന്നും ജെയിംസ് പറയുന്നു. ചക്കയ്ക്കു ലഭിച്ച സ്വീകാര്യത ചാരപ്പൂവനും ലഭിക്കാവുന്നതാണെന്നും ഇതിന്റെ ഒൗഷധ്യമൂല്യങ്ങൾ പഠന വിധേയമാക്കണമെന്നും ജെയിംസ് ആവശ്യപ്പെടുന്നു.