സ്വന്തം ലേഖകൻമാർ
തൃശൂർ: ജില്ലയിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് തകർപ്പൻ ജയം. അഞ്ചിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചും നേടിയാണ് എൽഡിഎഫ് തൂത്തുവാരിയത്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കരുവന്നൂർ ബംഗ്ലാവ് വാർഡ്, പറപ്പൂക്കര പള്ളം വാർഡ്.
ചേലക്കര വെങ്ങാനെല്ലൂർ രണ്ടാം വാർഡ്, വള്ളത്തോൾ നഗർ 14-ാം വാർഡ്, കടവല്ലൂർ അഞ്ചാം വാർഡ് എന്നിവിടങ്ങളിലാണ് എൽഡിഎഫ് ചെങ്കൊടി പാറിച്ചത്. നാലിടത്ത് സിറ്റിംഗ് സീറ്റ് നിലനിർത്തിയ എൽഡിഎഫ് പറപ്പൂക്കര പള്ളം സീറ്റ് ബിജെപിയിൽ നിന്നും പിടിച്ചെടുത്തു. ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ഇരിങ്ങാലക്കുട
നഗരസഭയിലെ കരുവന്നൂർ രണ്ടാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എം. കൃഷ്ണകുമാർ വിജയിച്ചു. 85 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. ആകെ പോൾ ചെയ്ത 1268 വോട്ടിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എം. കൃഷ്ണകുമാർ 583 വോട്ട് കരസ്ഥമാക്കി. യുഡിഎഫ് സ്ഥാനാർഥി ടി.എം. ഫ്ളോറന്‍ 498 വോട്ടും ബിജെപി സ്ഥാനാർഥി പ്രവീണ്‍ ഭരതന് 187 വോട്ടുമാണ് ലഭിച്ചത്. കൗണ്‍സിലറായിരുന്ന വി.കെ. സരളയുടെ നിര്യാണത്തെ തുടർന്നാണ് ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. വി.കെ. സരളയുടെ മകനാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.എം. കൃഷ്ണകുമാർ.
1995 ൽ യുഡിഎഫ് നിയന്ത്രണത്തിലുണ്ടായിരുന്ന വാർഡ് 2010 ൽ നഗരസഭാ പ്രദേശമായതോടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. 2015 ൽ 371 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫാണ് ഈ വാർഡിൽ വിജയിച്ചത്. 371 വോട്ടിൽനിന്നും 85 വോട്ടുകളാക്കി ഭൂരിപക്ഷം കുറക്കാനായതു കോണ്‍ഗ്രസിന്റെ നോട്ടമായാണു കരുതുന്നത്.
കോണ്‍ഗ്രസ്് പ്രവർത്തകരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണു ഇതിനു പിറകിലുള്ളത്. ബിജെപി ഈ തെരഞ്ഞെടുപ്പിൽ വോട്ടുനില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2015 ൽ 127 വോട്ടുകളുണ്ടായിരുന്നതു ഇത്തവണ 187 വോട്ടുകളായി ഉയർത്തി. ഈ വാർഡിൽ എൽഡിഎഫ്്് വിജയിച്ചതോടെ നഗരസഭയിൽ 19 സീറ്റുകളോടെ ഭരണ പ്രതിപക്ഷ തുല്യത നിലനിർത്തുകയാണു ഉണ്ടായത്.
പറപ്പൂക്കര
ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പള്ളം സീറ്റ് ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി പി.ജെ.സിബി 161 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോൾചെയ്ത 1258 വോട്ടുകളിൽ സിബി 571 ഉം എതിർസ്ഥാനാർത്ഥി ബിജെപിയിലെ രേഷ്മ 410 വോട്ടും യുഡിഎഫിലെ ജേജ 277 വോട്ടുകളും നേടി. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന പള്ളത്ത് ബിജെപി അംഗത്തിന് സർക്കാർ ജോലി കിട്ടിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന യുഡിഎഫ് ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചേലക്കര
ഗ്രാമപഞ്ചായത്ത് വെങ്ങാനല്ലൂർ രണ്ടാംവാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഗിരീഷ് 121 വോട്ടിന് വിജയിച്ചു. ശക്തമായി നടന്ന ത്രികോണ മത്സരത്തിൽ യുഡിഎഫിലെ സജീവ് തേലക്കാട്ടിനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിയിലെ ശ്രീകാന്ത് മുണ്ടയ്ക്കൽ മൂന്നാംസ്ഥാനത്തെത്തി.
ആകെ 1452 വോട്ടർമാരിൽ 1160 പേർ വോട്ട് ചെയ്തു. 79.88 ശതമാനമായിരുന്ന പോളിംഗ്. സിപിഎം ഗ്രാമപഞ്ചായത്തംഗമായിരുന്ന പി. ഗോപിനാഥിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെയുള്ള 22 സീറ്റിൽ നിലവിൽ എൽഡിഎഫിന് 10 ഉം യുഡിഎഫിന് 11 സീറ്റുകളാണ് ഉള്ളത്. വെങ്ങാനെല്ലൂർ സീറ്റിൽ വിജയിച്ചതോടെ എൽഡിഎഫിന് ഭരണം നിലനിർത്താനാകും.
വള്ളത്തോൾ നഗർ
ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി നിർമലാദേവി 558 വോട്ടു നേടി. തൊട്ടടുത്ത എതിർസ്ഥാനാർഥി യുഡിഎഫിലെ ഷാജില ബാദുഷ 215 ഉം, ബിജെപി സ്ഥാനാർത്ഥി സുനന്ദ 155 വോട്ടുകളും നേടി. 343 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫി സ്ഥാനാർഥി വിജയിച്ചത്. 85.64 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സിപിഎം അംഗമായിരുന്ന സുലൈഖ വിവാഹം കഴിഞ്ഞ് മലപ്പുറത്ത് താമസമാക്കിയതിനെ തുടർന്ന് അംഗത്വം രാജിവെച്ചിരുന്നു. ഇതെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
കടവല്ലൂർ
ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കോടത്തുകുണ്ടിൽ എൽഡിഎഫ് സ്ഥാനാർഥി കെ.വി.രാജൻ 149 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. രാജൻ 564 വോട്ടു നേടിയപ്പോൾ കോണ്‍ഗ്രസിലെ കെ.കെ.സതീശന് 415 വോട്ടുലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ബിനിത പ്രേമന് 90 വോട്ടുകൾ ലഭിച്ചു. ഇതാദ്യമായാണ് ബിജെപി സ്ഥാനാർത്ഥി മത്സരരംഗത്തുണ്ടായിരുന്നത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ മെംബർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 83.34% ആണ് പോളിംഗ്.