പി.എ.പത്മകുമാർ
കൊട്ടാരക്കര: നഗരത്തിൽ അവശേഷിക്കുന്ന ഏക തണൽമരവും ഓർമ്മയാകുന്നു. കൊമ്പുകൾ മുറിച്ചുമാറ്റിയ മരത്തിന്റെ കടക്കൽ ദിവസങ്ങൾക്കകം കത്തി വീഴുമെന്നാണ് സൂചനകൾ.പുലമൺ കവലയിൽ കെഎസ്ആർടിസി വ്യാപാര സമുച്ചയത്തിന്റെ മുൻവശത്തുള്ള വാകമരത്തിനാണ് മരണമണി മുഴങ്ങുന്നത്. ദേശീയ പാതയോരത്ത് നിൽക്കുന്ന ഈ മരം തലമുറകൾക്ക് തണലേകിയതാണ്. ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഇതിനു സമീപത്തുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും ഓട്ടോറിക്ഷാ തൊഴിലാളികളും കൊടും ചൂടിനെ മറികടക്കുന്നത് ഈ മരത്തിനു കീഴിൽ അല്പം വിശ്രമിച്ചിട്ടാണ്. വയോധികരായ വഴിയാത്രക്കാരും ഈ മരച്ചുവട്ടിനെ ആശ്രയിച്ചിരുന്നു. ഈ തണലിനെയാണ് കാരണമൊന്നും പറയാതെ അധികൃതർ തുടച്ചു മാറ്റാൻ ശ്രമിക്കുന്നത്.
മോട്ടോർ വാഹനങ്ങൾ അധികം ഇല്ലാതിരുന്ന കാലത്ത്, കാൽനടയായി ദുരങ്ങൾ താണ്ടിയിരുന്നവർക്കു വേണ്ടി കൊല്ലം-പുനലൂർ പാതയിൽ വഴിയാത്രക്കാർക്കായി തണൽമരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. വികസനത്തിന്റെ പേരിൽ ഇവയെല്ലാം ഘട്ടം ഘട്ടമായി മുറിച്ചു തള്ളുകയുണ്ടായി.
പുനലൂരിലും ചെങ്കോട്ട പാതയിലും ഇവ കുറച്ചൊക്കെ അവശേഷിക്കുന്നുണ്ട്. ഈ ഗണത്തിൽ കൊട്ടാരക്കര ടൗണിൽ നിലനിന്നിരുന്ന ഏക തണൽമരമാണ് അധികൃതരുടെ കനിവ് തേടുന്നത്. മരം മുറിക്കുന്നതിന് എതിരെ ഒറ്റപ്പെട്ട ശബ്ദങ്ങളുയരുന്നുണ്ടെങ്കിലും ശക്തി പ്രാപിച്ചിട്ടില്ല.
മരത്തിന്റെ കൊമ്പുകൾ മുറിച്ചിട്ടെങ്കിലും അത് റോഡിൽ നിന്നും നീക്കം ചെയ്യാൻ ചുമതലപ്പെട്ടവർ തയാറായിട്ടില്ല. ഇതിപ്പോൾ ഗതാഗത തടസം സൃഷ്ടിക്കുകയും ചെയതു വരുന്നു. ഈ തണൽമരം കൂടി വീണു കഴിയുമ്പോൾ കോൺക്രീറ്റ് മന്ദിരങ്ങൾ മാത്രം നിറഞ്ഞ മരുഭൂമിക്കു സമാനമാകും പുലമൺ കവല.