കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ 85 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ അന്താരാഷ്ട്ര ടെർമിനൽ ജനുവരി ആദ്യവാരം ടെർമിനൽ തുറന്നു കൊടുക്കാൻ കരിപ്പൂർ എയർപോർട്ടിൽ ചേർന്ന എയർപോർട്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു. കരിപ്പൂരിൽ നിന്നു വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സമിതി യോഗം ചേർന്നത്.
ഡിസംബർ അഞ്ച് മുതലാണ് കരിപ്പൂരിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ വലിയ വിമാനം സർവീസ് പുനരാരംഭിക്കുന്നത്. രാവിലെ 11നു കരിപ്പൂരിലെത്തുന്ന വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. എയർ ഇന്ത്യയുടെ എംഡി ഉൾപ്പെടെയുള്ളവരെ എംപിമാരുടെ സംഘം കണ്ടതായി യോഗത്തിൽ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
കരിപ്പൂരിൽ നിന്നു സൗദി എയർലൈൻസിനു പിന്നാലെ കൂടുതൽ വലിയ വിമാനങ്ങളുടെ സർവീസ് വൈകാതെ ആരംഭിക്കാനാകുമെന്ന് എയർ ഇന്ത്യ, എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ള വിമാന കന്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാകും. എയർ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങളില്ലാത്തതാണ് തടസമാവുന്നത്.
ഇത് ഉടൻ പരിഹരിക്കുമെന്നു അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ഹജ്ജ്് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുനരാംരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിലെ എംബാർക്കേഷൻ പോയിന്റും കണ്ണൂർ വിമാനത്താവളവും കരിപ്പൂരിനെ ബാധിക്കില്ല. 80 ശതമാനം ഹാജിമാരും കരിപ്പൂരിനെ ആശ്രയിക്കുന്നവരാണ്.
വിമാനത്താവളത്തിലെ വിവിധ വികസന, സൗന്ദര്യവത്ക്കരണ പദ്ധതികൾക്കും യോഗം രൂപം നൽകി. വിമാനത്താവളത്തിന്റെ മുൻഭാഗത്ത് 15.25 ഏക്കർ ഭൂമി ഏറ്റെടുത്ത് പാർക്കിംഗ് സൗകര്യം വികസിപ്പിക്കാനും മേലങ്ങാടി റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിക്കാനും പദ്ധതി ആ വിഷ്കരിച്ചു. കൂടാതെ റണ്വേക്ക് സമീപം 137 ഏക്കർ ഏറ്റെടുത്ത് പുതിയ ടെർമിനൽ ഉൾപ്പെടെയുള്ള വികസന പ്രവർത്തി നടത്താനും തീരുമാനിച്ചു.
ടെർമിനലിനകത്തും പുറത്തും യാത്രക്കാർക്കു ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും. യാത്രക്കാരുടെ പ്രയാസം പരിഹരിക്കുന്നതിനായി കൂടുതൽ ജീവനക്കാരെ നിയമിച്ച് കസ്റ്റംസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ യോഗം നിർദേശിച്ചു.
വലിയ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കുന്നതോടെ കരിപ്പൂരിനു നഷ്ടമായ കാറ്റഗറി ഒന്പത് പദവി തിരിച്ചു കിട്ടും ആറു കോടി രൂപ എയർപോർട്ട് സി.എസ്.ആർ ഫണ്ട് ചെലവഴിച്ച് ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നു വിമാനത്താവളത്തിലേക്കു കുടി വെള്ളമെത്തിക്കുന്ന പദ്ധതിയിൽ ബാക്കി വരുന്ന തുക ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭയും പുളിക്കൽ പഞ്ചായത്തും ആവശ്യപ്പെട്ട ഭാഗങ്ങളിൽ കുടിവെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കും.
വിമാനത്താവള കവാടത്തിനു സമീപം സ്വകാര്യ സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിൽ പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന് ധാരണയായി. മുൻ വശത്ത് പുതുതായി ഏറ്റെടുക്കുന്നതോടൊപ്പം പ്രസ്തുത സ്ഥലത്ത് പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനും ധാരണയായി.