കണ്ണൂർ: ശബരിമല വിഷയത്തിൽ ബിഡിജെഎസ് വിശ്വാസികൾക്കൊപ്പമാണെന്നും യുവതി പ്രവേശനം അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ശബരിമലയെ കലാപഭൂമിയാക്കാൻ എൻഡിഎ മുന്നണിക്കോ ബിഡിജെഎസിനോ ബിജെപിക്കോ ആഗ്രഹമില്ല. അതുകൊണ്ടാണ് രഥയാത്ര ശബരിമലയിലേക്ക് നടത്താതെ പത്തനംതിട്ടയിൽ അവസാനിപ്പിച്ചതെന്നും തുഷാർ വെള്ളാപ്പള്ളി കണ്ണൂരിൽ പറഞ്ഞു.
ബിജെപി നേതാക്കൾ ശബരിമലയിലും പന്പയിലും നിലയ്ക്കലിലുമെല്ലാം സമരം നടത്തിയല്ലോ എന്ന ചോദ്യത്തിന് ആരും തന്നെ സമരം നടത്തിയില്ലെന്നും മാലയിട്ട് അയ്യപ്പന്മാരായി എത്തിയവരെ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നുവെന്നായിരുന്നു മറുപടി. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല.
നിയന്ത്രണം മാത്രമാണുള്ളത്. ഒരുപാട് സുപ്രീംകോടതി വിധികൾ സംസ്ഥാനത്ത് നടപ്പാക്കാനുണ്ടെന്നിരിക്കെ ശബരിമല വിഷയത്തിൽ സർക്കാർ തിടുക്കംകാട്ടുന്നതിനു പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ട്. നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ശബരിമലയിൽ അരാജകത്വം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ബിജെപി സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അവരുടെ പാർട്ടി കാര്യങ്ങൾ തീരുമാനിക്കുന്നത് അവരാണെന്നും ഇക്കാര്യങ്ങൾ വിശദീകരിക്കേണ്ടത് ബിജെപി നേതൃത്വമാണെന്നുമായിരുന്നു മറുപടി. സി.കെ. ജാനു എൻഡിഎ മുന്നണി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയത്തിൽ സ്ഥിരം മിത്രമോ ശത്രുവോ ഇല്ലെന്നും മുന്നണി വിട്ടത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസിനെ സംബന്ധിച്ചിടത്തോളം എൻഡിഎ മുന്നണിയെ കുറിച്ച് ഒരു പരാതിയുമില്ല. തങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചല്ല എൻഡിഎയുടെ ഘടകകക്ഷിയായതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.