കണ്ണൂർ: ജില്ലയിലെ നാല് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട് സീറ്റുകൾ വീതം ലഭിച്ചു. നടുവിൽ പഞ്ചായത്തിലെ അറക്കൽതാഴെ വാർഡിൽ യുഡിഎഫിലെ കെ. മുഹമ്മദ്കുഞ്ഞി 594 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ലീഗാണ് ഇവിടെ മത്സരിച്ചത്.
എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.പി. ഷാജിക്ക് 281 വോട്ടുകളെ ലഭിച്ചുള്ളു. ബിജെപി സ്ഥാനാർഥിയായ ശ്രീജിത്ത് കപ്പള്ളിക്ക് 148 വോട്ടുകൾ ലഭിച്ചു. ആകെ 1304 വോട്ടുകളാണ് പോൾ ചെയ്തത്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്. കഴിഞ്ഞ തവണ 498 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം ഉയർത്താൻ സാധിച്ചു.
ന്യൂമാഹി പഞ്ചായത്തിലെ ചാവോക്കുന്ന് വാർഡിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫിലെ സി.കെ. മഹറൂഫ് 50 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഐ സ്ഥാനാർഥി ക്യൻ റിഷികേഷ് 302 വോട്ടുകൾ നേടി. സ്വതന്ത്രസ്ഥാനാർഥിയായ കെ.പി. യൂസഫ് 86 വോട്ടുകൾ നേടി. ആകെ പോൾ ചെയ്ത 740 വോട്ടിൽ സി.കെ. മഹറൂഫ് 352 വോട്ടുകൾ നേടി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനു തന്നെയായിരുന്നു ഇവിടെ വിജയം. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് ഒൻപതും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്.
പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡിൽ എൽഡിഎഫിലെ അഡ്വ. സുലാഫ ഷംസുദ്ദീൻ 229 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി യുഡിഎഫിലെ കുന്നോത്ത് രാജിക്ക് 245 വോട്ടുകൾ നേടാനേ സാധിച്ചുള്ളു. ബിജെപി സ്ഥാനാർഥിയായ പി. ദിൽന 206 വോട്ടുകൾ നേടി.
ആകെ പോൾ ചെയ്ത 938 വോട്ടിൽ 474 വോട്ടുകളാണ് സുലാഫ ഷംസുദ്ദീൻ നേടിയത്. ശക്തമായ ത്രികോണ മത്സരമായിരുന്നു ഇവിടെ നടന്നത്. കഴിഞ്ഞ വർഷത്തെക്കാളും ഭൂരിപക്ഷം എൽഡിഎഫിന് ഇവിടെ നേടാനായി. ആകെ 15 വാർഡുള്ള പഞ്ചായത്തിൽ 14 സീറ്റ് സിപിഎമ്മിനും ഒരു സീറ്റ് സിപിഐക്കുമാണ്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ വൻകുളത്ത് വയൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി പി. പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി മടക്കര റീജരാജ് 1433 വോട്ടുകൾ നേടി. ആകെ പോൾ ചെയ്ത 4583 വോട്ടിൽ 3150 വോട്ടുകൾ സിപിഎമ്മിലെ പി. പ്രസീത നേടി.