മുംബൈ: ഏകദിന ക്യാപ്റ്റനായ മിതാലി രാജുമായുള്ള ഉടക്ക് വനിതാ ടീം പരിശീലകൻ രമേഷ് പവാറിന്റെ സ്ഥാനം തെറിപ്പിച്ചു. പവാറിന്റെ കരാർ തുടരേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. പവാറിനു പകരക്കാരനെ തേടി ബോർഡ് അപേക്ഷ ക്ഷണിച്ചു.
വെള്ളിയാഴ്ച വരെയായിരുന്നു വനിതാ പരിശീലകനായി പവാറുമായുള്ള കരാർ. ഇത് ദീർഘിപ്പിക്കേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് തുഷാര്‍ അറോറെയുടെ പകരക്കാരനായി രമേഷ് പവാര്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്.
ട്വന്റി 20 വനിതാ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് മിതാലിയും രമേഷ് പവാറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്നും മിതാലിയെ ഒഴിവാക്കിയതാണ് വിവാദങ്ങൾക്കു തുടക്കം.
പവാറും കോച്ചിംഗ് സ്റ്റാഫ് ഡയാന എദുൽജിയും തന്നെ അപമാനിക്കുകയും കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമായിരുന്നു മിതാലിയുടെ ആരോപണം. ഇക്കാര്യം വിശദീകരിച്ച് മിതാലി ബിസിസിഐക്ക് കത്ത് അയക്കുകയും ചെയ്തു.
എന്നാൽ ഓപ്പണറായി ഇറക്കാൻ മിതാലി രാജ് രാജി ഭീഷണി മുഴക്കിയെന്നായിരുന്നു രമേഷ് പവാറിന്റെ വിശദീകരണം. ബിസിസിഐ അന്വേഷണ കമ്മീഷന് സ മർപ്പിച്ച റിപ്പോർട്ടിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരത്തിനെതിരേ പരിശീലകൻ രംഗത്തെത്തിയത്.
ടീമിന്റെ താത്പര്യത്തേക്കാള്‍ സ്വന്തം താത്പര്യ ങ്ങൾ നടപ്പിലാക്കാനായി പരിശീലകരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്ന രീതി ഇന്ത്യയുടെ വനിത ഏകദിന ക്യാപ്റ്റനായ മിതാലി അ വസാനിപ്പിക്കണമെന്നും രമേഷ് പവാര്‍ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.