മാവേലിക്കര: ആർഎസ്എസ് തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചു വിടുന്ന ചെട്ടികുളങ്ങരയിൽ സന്ദർശനം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന അസത്യവും വസ്തുകൾക്ക് നിരക്കാത്തതുമാണെന്ന് സിപിഎം മാവേലിക്കര ഏരിയാ സെക്രട്ടറി പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ആറു വർഷത്തിനിടയിൽ ആർഎസ്എസ് സമാനതകളില്ലാത്ത ആക്രമണങ്ങളാണ് സിപിഎമ്മിനു നേരേ നടത്തിവരുന്നത്. ഇക്കാലത്തിനിടയിൽ പല സമയങ്ങളിലായി ഒന്നിലേറെ തവണ പാർട്ടി പ്രവർത്തകർ അക്രമിക്കപ്പെട്ടു. നിരവധി പ്രചാരണ ബോർഡുകളും കൊടിമരങ്ങളുമാണ് പലപ്പോഴായി നശിപ്പിക്കപ്പെട്ടത്.
ഈ സംഭവങ്ങളിലെല്ലാം ആർഎസ്എസുകാർ അറസ്റ്റ് ചെയ്യപ്പെടുകയും പലരും റിമാൻഡിലാവുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് ബ്രാഞ്ച് സെക്രട്ടറിമാരും ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും ഒരു രാഷ്ട്രീയപാർട്ടികളിലും പ്രവർത്തിക്കാത്തവരും നിരവധി തവണ ആക്രമിക്കപ്പെട്ടത്. ഏറ്റവുമൊടുവിൽ രണ്ടു മാസത്തിലേറെയായി ആർഎസ്എസ് ആക്രമണപരന്പര അരങ്ങേറുന്ന ചെട്ടികുളങ്ങരയിൽ ബിജെപി ജില്ലാ പ്രസിഡന്റ് സോമൻ നടത്തിയ സന്ദർശനം പരിഹാസ്യമായി.
രണ്ടുതവണ ആക്രമണം നടന്ന ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ വീടും ഇതിനു തൊട്ടടുത്ത് ബോംബടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയും സന്ദർശിച്ച ശേഷം ജില്ലാ പ്രസിഡന്റ് നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധവുമായി.
കൃഷ്ണമ്മയുടെ വീടിനു നേരേയും സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളിൽ ആദ്യം ആക്രമണം നടത്തിയ ആർഎസ്എസ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഡിവൈഎഫ്ഐ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസുകാരും പോലീസ് പിടിയിലായിരുന്നു.
ആയുധങ്ങൾ കണ്ടെത്തിയ സ്ഥലം ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ സാമൂഹ്യവുരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമാണെന്ന് നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. അക്രമണ സംഭവങ്ങളുടെയെല്ലാം പിന്നിൽ ആർഎസ്എസുകാരാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും അതെല്ലാം മറച്ചു പിടിച്ച് ആർഎസ്എസിനെ വെള്ളപൂശാനുള്ള ബിജെപിയുടെ നീക്കം ജനം തള്ളിക്കളയും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ മാരകപ്രഹരശേഷിയുള്ള ഗുണ്ടുകൾ എറിഞ്ഞതിലും ബോംബടക്കമുള്ള ആയുധശേഖരം കണ്ടെത്തിയതിലും ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം ലീലാ അഭിലാഷ്, ഏരിയാ സെന്റർ അംഗം സി സുധാകരക്കുറുപ്പ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.