ഹണി റോസിന്റെ വക ‘രാമച്ചം ബാത്ത് സ്‌ക്രബ്’ ഉടന്‍ വിപണിയില്‍! വ്യത്യസ്ത ബിസിനസ് സംരംഭം തെരഞ്ഞെടുത്തത് നാട്ടിലെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വരുമാന മാര്‍ഗം നല്‍കുന്നതിനെന്നും യുവനടി

സിനിമാ മേഖലയില്‍ അടിയുറച്ച് നിന്നുകൊണ്ടു തന്നെ ബിസിനസ് തന്ത്രങ്ങളും പയറ്റുന്നവരാണ് നല്ലൊരു ശതമാനം നടീ നടന്മാരും. അടുത്തിടെ ബിസിനസ് ഫീല്‍ഡിലിറങ്ങി ശ്രദ്ധേയനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി.

മലയാള സിനിമാലോകത്തു നിന്ന് ധര്‍മജന് പിന്നാലെ ഇപ്പോള്‍ ബിസിനസില്‍ കൈവച്ചിരിക്കുകയാണ് നടി ഹണി റോസ്. പൊതുവേ വനിതാ താരങ്ങള്‍ ആരംഭിക്കുന്നതുപോലെ ബുട്ടീക്കോ, ഡാന്‍സ് സ്‌കൂളോ ഒന്നുമല്ല, ഹണി തുടങ്ങിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ബിസിനസ് മേഖലയാണ് യുവനടി തെരഞ്ഞെടുത്തിരിക്കുന്നത്.

ഹണി എന്ന ബ്രാന്‍ഡ് നെയിമില്‍ രാമച്ചം കൊണ്ടുള്ള ബാത്ത് സ്‌ക്രബാണ് ഹണി വിപണിയിലെത്തിക്കുന്നത്. തന്റെ നാട്ടിലെ കുറേ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനമാകുമെന്ന സന്തോഷവുമുണ്ട്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഡിസംബര്‍ ഒന്നിനു വൈകിട്ട് നാലിനു ലുലു മാളില്‍ നടക്കും. സിനിമാ രംഗത്തെ ഏതാനും സഹപ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. ഉദ്ഘാടകന്‍ ആരെന്നത് സര്‍പ്രൈസ് ആയിരിക്കുമെന്നും ഹണി റോസ് അറിയിച്ചു.

ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് 20 വര്‍ഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉല്‍പാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നല്‍കി കൂടുതല്‍ കര്‍ഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു.

രാമച്ചം സ്‌ക്രബറിനൊപ്പം സിന്തറ്റിക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റും പ്രാദേശിക വിപണിയിലെത്തിക്കാനാണ് തീരുമാനം. ഉല്‍പന്നത്തിന്റെ കയറ്റുമതി സാധ്യതയും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts