തിരുവില്വാമല: നവോത്ഥാന നേതാക്കൻമാരും ജനകീയ സമരങ്ങളുമാണ് പട്ടിക്കും പൂച്ചയ്ക്കും വഴി നടക്കാം പക്ഷേ, മനുഷ്യന് വഴി നടന്നുകൂടാ എന്നത് എടുത്തുകളഞ്ഞതെന്നു കാനം രാജേന്ദ്രൻ. വഴി നടക്കാനുള്ള സ്വാതന്ത്ര്യം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം ഇതിനെല്ലാം ധാരാളം സമരങ്ങളും പോരാട്ടങ്ങളും നടന്ന മണ്ണാണിത്.
21-ാം നൂറ്റാണ്ടിൽ വർധിച്ച സൗകര്യങ്ങൾ അനുഭവിക്കുന്പോൾ ഇതെല്ലാം നമുക്ക് താനേ വന്നുചേർന്നതാണെന്ന തോന്നലുണ്ടാവരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവില്വാമലയിൽ വി. അരവിന്ദാക്ഷൻ സ്മാരക മന്ദിരം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു കാനം.
അന്ന് മനുഷ്യന്റെ അവയവങ്ങൾക്ക് എല്ലാം കരം ചുമത്തിയിരുന്ന കാലമായിരുന്നു. അന്ന് സ്ത്രീകളെ മാറുമറക്കാൻ അനുവദിച്ചിരുന്നില്ല. പുരുഷന്മാർ മുട്ടിനു താഴെ മറയുന്ന വിധത്തിൽ മുണ്ടുടുക്കാൻ പാടില്ലായിരുന്നു. ഇതെല്ലാം ജന്മിത്വത്തിന്റെ കല്പനകളായിരുന്നു.
ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ പരാമർശിച്ച് കാനം രാജേന്ദ്രൻ പറഞ്ഞു. കെ.ആർ.സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എം.ആർ.സോമനാരായണൻ, അരുണ്‍ കാളിയത്ത്, വി.കുമാരൻ എന്നിവർ പ്രസംഗിച്ചു.