തൃശൂർ: വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന നാട്ടാന സെൻസസ് പ്രകാരം സംസ്ഥാനത്തുള്ളത് 521 നാട്ടാനകൾ. ഇതിൽ 401 കൊന്പനാനകളും 98 പിടിയാനകളുമാണ്. 22 മോഴ ആനകളുമുണ്ട്. കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ ഒന്‍പതുമാസം മാത്രം പ്രായമുള്ള കണ്ണനാണ് ഏറ്റവും പ്രായംകുറഞ്ഞ ആന. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുവനന്തപുരംചെങ്കള്ളൂർ ക്ഷേത്രത്തിലെ ദാക്ഷായണിയാണ് പ്രായത്തിൽ മുന്പിൽ. 87 വയസാണ് ദാക്ഷായണിക്ക്.
ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്മാരുടേയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്കു പുറമേ ആനകളുടെ ഡിഎൻഎ പ്രൊഫൈൽ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുന്പിക്കൈ, കൊന്പ്, വാൽ എന്നിവയുടെ അളവ,് ചിത്രങ്ങൾ എന്നിവയെല്ലാം വിവരശേഖരണത്തിൽ ഉൾപ്പെടും.
ഏറ്റവും കൂടുതൽ ആനകളുള്ള ജില്ല തൃശൂരും, കുറഞ്ഞത് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങൾ തൃശൂരിൽനിന്നു ലഭിച്ചപ്പോൾ മൂന്ന് ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരിൽനിന്നു ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏക ജില്ല കാസർഗോഡാണ്.
ജില്ലകളിലെ സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരുടെ നേതൃത്വത്തിൽ, ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്ക്വാഡുകൾ രൂപീകരിച്ചാണ് സെൻസസ് നടപടികൾ പൂർത്തിയാക്കിയത്. ആകെ 87 സ്ക്വാഡുകളാണ് ഉണ്ടായിരുന്നത്. ഓണ്‍ലൈൻ സംവിധാനത്തിലൂടെയാണ് വിവരസമാഹരണം നടത്തിയത്.
ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കി എന്ന പ്രത്യേകതയും നാട്ടാന സെൻസസിനുണ്ട്.സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ സമർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തെതുടർന്നാണ് ആനകളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയത്. വിശദമായ സെൻസസ് റിപ്പോർട്ട് 31 നകം സൂപ്രീം കോടതിയിൽ സമർപ്പിക്കുമെന്നു ചീഫ് വൈൽഡ്ലൈഫ് വാർഡൻ പി.കെ. കേശവൻ അറിയിച്ചു.