മഹാപ്രളയ സമയത്ത് കേരളത്തെ സഹായിക്കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് നല്കിയ സഹായധനത്തില്‍ നിന്ന് സൈനിക വിമാനങ്ങള്‍ എത്തിയതിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി.
രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന വിമാനങ്ങള്‍ വിട്ടുനല്‍കിയതിന് മാത്രമായി 25 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയകാലത്ത് സൗജന്യ അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്ര നടപടി വന്‍ വിവാദമായിരുന്നു. പിന്നാലെയാണ് രക്ഷാദൗത്യത്തിന് വിമാനം വന്നതിനും പണം ചോദിക്കുന്നത്. അരിയും മണ്ണെണ്ണയും സൗജന്യമാക്കണമെന്ന ആവശ്യവും ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല.
ഇതടക്കം സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയെ അറിയിച്ചു. 26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 31000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടയിത് 2683.18 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചെലവായി.
കേന്ദ്രം ഇതുവരെ നല്‍കിയത് 600 കോടി രൂപ മാത്രമാണെന്നും ചട്ടം 300 പ്രകാരം പിണറായി വിജയന് സഭയെ അറിയിച്ചു. ദുരന്തനിവാരണ ഫണ്ടിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും പ്രളയം സംസ്ഥാനത്തിനുണ്ടാക്കിയ ബാധ്യത തീര്‍ക്കാന്‍ ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.