ചക്കിട്ടപാറ: കൊട്ടാൻ പറ്റാത്ത ചെണ്ടകൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദുർഗന്ധം പരത്തുന്നു. പ്രവേശന കവാടത്തിന്റെ കോണിച്ചുവട്ടിൽ ഒരു വർഷം മുമ്പ് കൂട്ടിയിട്ട ചെണ്ടകളുടെ തോലുകൾ അഴുകിയാണു നാറ്റം വമിക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് പട്ടികജാതി വനിതകൾക്കായി പദ്ധതിയുണ്ടാക്കിയാണു വനിതാ ചെണ്ട സംഘമുണ്ടാക്കിയത്.
കുറെ മേളം മുഴക്കിയതോടെ ഇവ തകരാറിലായി. ഇതോടെ പഞ്ചായത്ത് ഓഫീസിൽ പാഴ് വസ്തുക്കൾ നിക്ഷേപിച്ച സ്ഥലത്ത് കൂട്ടിയിട്ടു. ഇത് വാർത്തയായതോടെ എല്ലാമെടുത്തു കാറ്റും വെളിച്ചവും കടക്കാത്ത കോണിച്ചുവട്ടിൽ നിക്ഷേപികുകയായിരുന്നു.
ഇതിന്റെ അടുത്താണു സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകൾ പൂരിപ്പിക്കാനും മറ്റുമെത്തുന്നവർ ദുർഗന്ധ കാര്യം പറയുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവർ കാര്യം വ്യക്തമാക്കാതെ ഉരുണ്ടു കളിക്കുകയാണ്. ദുർഗന്ധം വമിക്കുന്ന ചെണ്ടകൾ കോണിച്ചുവട്ടിൽ നിന്നും മാറ്റണമെന്നാണ് ഇവിടെ വരുന്നവരുടെ ആവശ്യം.