പടന്ന: ഇത്തവണ കവ്വായിക്കായലിൽ വിത്തിറക്കും മുന്പേ കല്ലുമ്മക്കായ കർഷകർ ആശങ്കയിൽ. കഴിഞ്ഞ വർഷം കണ്ണീർകൃഷിയായി മാറിയ കല്ലുമ്മക്കായ കർഷകർക്ക് ഈ വർഷം ഫിഷറീസ് അധികൃതരുടെ തലതിരിഞ്ഞ മാനദണ്ഡമാണ് ആശങ്കക്ക് കാരണമായത്. കായലിലെ വെള്ളത്തിന്റെ ഘടനയിലുണ്ടാവുന്ന മാറ്റം പോലും കൃഷിനാശം വരുത്തുന്ന ഇവർക്ക് തിരിച്ചടിയാവുന്ന തീരുമാനമാണ് അധികൃതരിൽ നിന്നുണ്ടായിട്ടുള്ളത്.
കർഷകർ വ്യക്തിഗതമായും സംഘമായും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലും വർഷങ്ങളായി നടത്തി വരുന്ന കല്ലുമ്മക്കായ കൃഷിയിൽ സജീവമായവരെ മാറ്റി നിർത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നാണ് കർഷകരും കൂട്ടായ്മകളും പറയുന്നത്.
കഴിഞ്ഞ വർഷം ഉൾപ്പെടെ കൃഷിയിറക്കിയ പരിചയ സന്പന്നരായ കർഷകർക്ക് നൽകുന്ന സഹായം പകുതിയായി വെട്ടികുറക്കുമെന്ന ഫിഷറീസ് വകുപ്പ് അധികൃതരുടെ തീരുമാനമാണ് കർഷകർക്ക് വിനയാവുന്നത്. കായലിൽ ഇറക്കുന്ന കല്ലുമ്മക്കായ കൃഷി പല വർഷങ്ങളിലും നഷ്ടത്തിലാണ് കലാശിക്കുകയെന്ന് ഇവർ പറയുന്നു.
കല്ലുമ്മക്കായ വിത്ത് ശേഖരണം മുതൽ വിളവെടുത്ത് വ്യാപാരികളിൽ എത്തിക്കുന്നത് വരെ കർഷകർക്ക് ഏറെ കടന്പകൾ കടക്കണം. കല്ലുമ്മക്കായ വിത്ത് വൃത്തിയാക്കി തുണികൾ ചേർത്ത് കയറിൽ കൊരുത്ത് കായലിൽ കെട്ടി ഉയർത്തുന്ന മുളക്കാലുകളിൽ തൂക്കിയിടുകയാണ് കൃഷിക്കായി ചെയ്യുന്നത്.
നൂറുകൈ ഇടുന്ന ഒരു സ്റ്റേജിൽ കഴിഞ്ഞ വർഷം ഫിഷറീസ് വകുപ്പ് ആറായിരം രൂപ നൽകിയിരുന്നുവെങ്കിലും ഇത്തവണ അത് പഴയ കർഷകർക്ക് പകുതിയാക്കി വെട്ടിക്കുറക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഒരു കുടുംബശ്രീ യൂണിറ്റിനും സ്വാശ്രയ സംഘത്തിനും 350 മുതൽ 400 കയർ വരെ ഇടുന്നവർക്ക് സഹായം 24000 ൽ നിന്നും 12000 മാക്കി ചുരുക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഇത് വർഷങ്ങളായി കൃഷി ചെയ്തു വരുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫിഷറീസ് വകുപ്പിന് കീഴിൽ പടന്ന പഞ്ചായത്തിൽ മാത്രം രജിസ്റ്റർ ചെയ്ത 250 ൽപരം കർഷകരും കർഷക കൂട്ടായ്മകളും ഉണ്ട്. തൊട്ടടുത്ത വലിയപറന്പ്,ചെറുവത്തൂർ,തൃക്കരിപ്പൂർ തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലും ഏതാണ്ട് 600 ൽപരം കർഷകർ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തു കൃഷി നടത്തിവരുന്നുണ്ട്.
ഇവർക്കൊക്കെ ഫിഷറീസ് അധികൃതരുടെ തെറ്റായ തീരുമാനം തിരിച്ചടിയാവുകയാണ്. അടിയന്തിരമായി തീരുമാനം മാറ്റിയില്ലെങ്കിൽ ഈ മേഖലയിൽ സജീവമായ ഭൂരിഭാഗം കർഷകരും സംഘങ്ങളും കല്ലുമ്മക്കായ കൃഷിയെ കൈവിടുമെന്ന് ഉറപ്പാണ്.