മൊബൈല്‍ ഫോണില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്തവരാണ് ഇന്നത്തെ ഒട്ടുമിക്ക ആളുകളും. എന്നാല്‍ എത്ര പ്രമുഖ കമ്പനിയുടെ എത്ര പുതിയ ഹാന്‍ഡ്സെറ്റാണെങ്കിലും അത് ബാക്ടീരികളടക്കമുള്ള അണുക്കളുടെ പ്രപഞ്ചമാണെന്ന് എത്ര പേര്‍ക്കറിയാം. ടോയ്ലറ്റ് സീറ്റിനെക്കാള്‍ ഏഴിരട്ടിയിലധികം വൃത്തികെട്ടതാണ് മൊബൈല്‍ ഫോണുകള്‍ എന്നാണ് ഗവേഷകര്‍ പുറത്തുവിട്ട പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
വീഡിയോ കാണാനും ചാറ്റ് ചെയ്യാനും ഫോണ്‍ ചെയ്യാനുമൊക്കെയായി ദിവസത്തിലേറെ നേരവും ഫോണിനൊപ്പമാണ് എല്ലാവരും. ഇതുവഴി വലിയ തോതിലുള്ള അണുവാഹകര്‍ക്കൊപ്പമാണ് നാം കഴിയുന്നതെന്നോര്‍ക്കണം. മനോഹരങ്ങളായ ലെതര്‍ കവറുകളിട്ട് സൂക്ഷിക്കുന്ന മൊബൈല്‍ ഫോണുകളിലാണ് കൂടുതല്‍ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. കണ്ടാല്‍ വൃത്തിയാണെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിലിട്ട ഫോണുകളിലും ടോയ്ലറ്റ് സീറ്റിനെക്കാള്‍ ആറുമടങ്ങ് ബാക്ടീരിയകള്‍ കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബാത്ത് റൂമില്‍ പോകുമ്പോഴും മൊബൈല്‍ ഫോണുകള്‍ കൂടെ കരുതുന്നവരും ഏറെയാണ്. ഗവേഷണത്തിന്റെ ഭാഗമായി നടന്ന സര്‍വേ അനുസരിച്ച് അഞ്ചില്‍ രണ്ടുപേരും ഇത്തരത്തില്‍ ടോയ്ലറ്റിലേക്ക് മൊബൈല്‍ ഫോണുമായി പോകുന്നവരാണ്. ഇതിലൂടെ മൊബൈല്‍ ഫോണുകളിലേക്ക് അണുക്കള്‍ കടന്നുവരാനും അവിടെ താമസമുറപ്പിക്കാനുമുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്. മറ്റൊന്ന് നമ്മള് പോകുന്നിടത്തെല്ലാം മൊബൈല്‍ ഫോണ്‍ ഉണ്ടാകാറുണ്ട്. ഇതിലൂടെയും അണുക്കള്‍ കയറാനുള്ള സാധ്യതയേറെയാണ്.
കമ്പനി ഇനിഷ്യല്‍ വാഷ്റൂം ഹൈജീനാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയത്. ഒരു ടോയ്ലറ്റ് സീറ്റില്‍ ബാക്ടീരിയകള്‍ അധിവസിക്കുന്ന 220 ഇടങ്ങളാണ് കണ്ടെത്തിയതെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇത് 1479 ഇടത്താണെന്ന് ഗവേഷകര്‍ പറയുന്നു. സ്മാര്‍ട്ട്ഫോണില്‍ ബാക്ടീരിയകളെ തിരയുന്നത് ഉപയോഗിച്ച തൂവാലയില്‍ ബാക്ടീരിയകളെ തേടുന്നതുപോലെയാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ അബര്ഡീന് സര്‍വകലാശാലയിലെ ബാക്ടീരിയോളജി പ്രൊഫസ്സര്‍ ഹ്യൂ പെന്നിങ്ടണ്‍ പറഞ്ഞു. ഇ-കോളിയടക്കമുള്ള ബാക്ടീരിയകള്‍ ഫോണുകളില്‍ കൂടുകൂട്ടുന്നതായി മുമ്പേ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം വിച്ച്? നടത്തിയ ഗവേഷണത്തിലും ഉടമയുടെ വയര്‍ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ബാക്ടീരിയകള്‍ മൊബൈല്‍ ഫോണിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കളിക്കാന്‍ കൊടുക്കുന്നത് വിചാരിക്കുന്നതിലും കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നതെന്നു സാരം.