ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതി പോലീസിനു കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. ശശിക്കെതിരെ പാർട്ടി നടപടി മാത്രം പോരെന്നും അവർ പറഞ്ഞു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ നേരത്തെ കേസെടുത്തിരുന്നു.
വനിതാ നേതാവിന്റെ പരാതിയിൽ ശശിയെ പാർട്ടി അംഗത്വത്തിൽനിന്നു സിപിഎം സസ്പെന്ഡ് ചെയ്തിരുന്നു. ആറു മാസത്തേക്കാണു സസ്പെൻഷൻ. എ.കെ. ബാലൻ, പി.കെ.ശ്രീമതി എന്നിവർ അംഗങ്ങളായിട്ടുള്ള പാർട്ടി അന്വേഷണ കമ്മീഷൻ, ശശി തെറ്റുചെയ്തുവെന്നു കണ്ടെത്തിയിരുന്നു.
കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാർട്ടി പ്രവർത്തകയോട് പാർട്ടി നേതാവിനു യോജിക്കാത്തവിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണു ശശിക്കെതിരേ നടപടിയെടുത്തതെന്നു സിപിഎം പ്രസ്താവനയിൽ അറിയിച്ചിരുന്നത്.
ശശിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.