പത്തനംതിട്ട: മഞ്ഞനിക്കരയിൽ നിന്ന് പ്ലസ്ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബന്ധുവടക്കം അഞ്ചുപേർ പിടിയിൽ. 25 ലക്ഷം രൂപ ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്.
പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് രാത്രിയിൽ തന്നെ അതിവിദഗ്ധമായി തട്ടിക്കൊണ്ടുപോയ സംഘത്തെ കുടുക്കുകയായിരുന്നു. പെരുന്പാവൂരിൽ നിന്നാണ് സംഘത്തെ പുലർച്ചെയോടെ പിടികൂടിയത്. ഇവരോടൊപ്പം കർണാടക രജിസ്ട്രേഷനിലുള്ള ഒരു കാറും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തു.
കർണാടക രജിസ്ട്രേഷൻ കാറിൽ നിന്നും മുദ്രപത്രം, വടിവാൾ എന്നിവ കണ്ടെടുത്തു. മൈസൂരിലുള്ള ഗുണ്ടാസംഘമാണ് സംഭവത്തിലുൾപ്പെട്ടവരെന്നു കരുതുന്നു. പത്തനംതിട്ട പോലീസ് കസ്റ്റഡിയിലുള്ള സംഘത്തെ സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തിലുള്ള ഒരാളെ കൂത്താട്ടുകുളത്തുനിന്നും മറ്റുള്ളവരെ പെരുന്പാവൂരിൽ നിന്നുമാണ് പിടികൂടിയത്. കുട്ടിയുമായി കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം.
തട്ടിക്കൊണ്ടുപോകലിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബന്ധുവുമായുള്ള സാന്പത്തിക തർക്കത്തിന്റെ പേരിൽ ക്വട്ടേഷൻ നൽകിയാണ് വിദ്യാർഥിയെ തട്ടിയെടുത്തതെന്നാണ് സംശയം. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുട്ടിയെ വധിക്കുമെന്നായിരുന്നു ഭീഷണി.