കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസ് ലോട്ടറിയിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്കു അർഹമായ ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്നു പുൽപ്പള്ളി അമരക്കുനി കണ്ണംകുളത്ത് വിശ്വംഭരൻ ആരോപിച്ചു. ലോട്ടറി ഏജൻസി ഉടമ തന്ത്രപൂർവം തട്ടിയെടുത്ത ടിക്കറ്റ് മുള്ളൻകൊല്ലി സ്വദേശി ലോട്ടറി ഡയറക്ടറേറ്റിൽ ഹാജാരാക്കിയതായി വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
പുൽപ്പള്ളിയിൽ ബന്ധുവുമായ ചെറ്റപ്പാലം തൂപ്ര ചരുവിള പുത്തൻവീട്ടിൽ നിഷാദ് നടത്തുന്ന വിനായക ലോട്ടറി എജൻസിൽനിന്നു ഓഗസ്റ്റ് 30നു ഉച്ചകഴിഞ്ഞു രണ്ടിനും മൂന്നിനും ഇടയിൽ എടുത്ത മൂന്നു ടിക്കറ്റുകളിൽ പിജി 188986 നന്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഈ വിവരം അന്നു വൈകുന്നേരം നാലരയോടെ ടൗണിൽ ഉണ്ടായിരുന്ന തന്നെ നിഷാദും ബന്ധു രാധാകൃഷ്ണനുമാണ് അറിയിച്ചത്.
അപ്പോൾത്തന്നെ ഇരുവരും ചേർന്നു നിർബന്ധിച്ച് ലോട്ടറിക്കടയിലേക്കു കൊണ്ടുപോയി. കൈവശം ഉണ്ടായിരുന്ന മുന്നു ടിക്കറ്റുകളും വാങ്ങിയ നിഷാദ് സമ്മാനാർഹമായ ടിക്കറ്റിനു പകരം പിഇ സീരീസിലുള്ള 188986 നന്പർ ടിക്കറ്റിന്റെ പിറകിൽ തന്റെ പേരും വിലാസവും ജിവനക്കാരനെക്കൊണ്ട് എഴുതിച്ച് ഒപ്പു വാങ്ങി. പിന്നീട് ടിക്കറ്റുകൾ നിഷാദ കൈവശം വച്ചു.
ഒന്നാം സമ്മാനാർഹമായ ടിക്കറ്റിനു പകരം വേറെ സീരീസിലുള്ള ടിക്കറ്റിന്റെ പിന്നിലാണ് ഒപ്പു വാങ്ങിയതെന്നത് അപ്പോൾ മനസ്സിലാക്കിയില്ല.ശേഷം ലോട്ടറി ടിക്കറ്റിന്റെ പകർപ്പെടുത്ത നിഷാദ് തന്നെയും കൂട്ടി പ്രദേശത്തെ ചില പത്രം ഓഫീസുകളിലും കനറ ബാങ്ക് ശാഖയിലും എത്തി വിവരം അറിയിക്കുകയുണ്ടായി. എന്നാൽ വൈകുന്നേരം അഞ്ചരയോടെ സീരീസ് മാറിപ്പോയെന്നും ടിക്കറ്റിനു സമാശ്വാസ സമ്മാനം മാത്രമാണുള്ളതെന്നുമാണ് നിഷാദ് പറഞ്ഞത്.
ഇതേത്തുടർന്നു പരിശോധിച്ചപ്പോഴാണ് ഒപ്പിട്ടത് പിഇ സീരീസിലുള്ള ടിക്കറ്റിലാണെന്നു ബോധ്യപ്പെട്ടത്. സെപ്റ്റംബർ ഒന്നിനു പോലീസിൽ പരാതി നൽകിയെങ്കിലും കുറ്റമറ്റ അന്വേഷണവും നടപടിയും ഉണ്ടായില്ല. സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നതിനു തെളിവില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇതേത്തുടർന്നു മുഖ്യമന്ത്രി, ലോട്ടറി വകുപ്പ് അധികൃതർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്കു നൽകിയ പരാതിയിലും നടപടി വൈകുകയാണ്.
ഓഗസ്റ്റ് 30നു ഉച്ചകഴിഞ്ഞു രണ്ടു മുതൽ ഏതാനും മണിക്കൂർ കടയിലെ സിസിടിവി ദൃശൃങ്ങളും നിഷാദിന്റെ ഫോണ് വിളികളും പരിശോധിച്ചാൽ സത്യാവസ്ഥ ബോധ്യമാകും. എന്നാൽ ഉത്തരവാദപ്പെട്ടവർ അതിനു തയാറാകുന്നില്ല. പിജി 188986 നന്പർ ടിക്കറ്റിന്റെ സമ്മാനത്തുക നൽകുന്നത് മാറ്റിവയ്ക്കണമെന്നു അധികൃതരോട് ആവശ്യപ്പെട്ടതായും വിശ്വംഭരൻ പറഞ്ഞു. ഭാര്യ കെ.എൻ. സുഭദ്ര, മകൾ ജിമ, പൊതുപ്രവർത്തകൻ പി.ജെ. ആന്റണി എന്നിവരും പങ്കെടുത്തു.