കറുകച്ചാൽ: പെരുന്നാൾ, ഉത്സവപ്രദേശങ്ങളിലും ബസിലും വിദഗ്ധമായ രീതിയിൽ മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ കറുകച്ചാൽ പോലീസ് പിടികൂടി. ശരീര പരിശോധനയിൽ ഒന്നര പവന്റെ മാല ഒളിപ്പിച്ചു വച്ചതു കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശികളായ മാരി (38), വള്ളി (37), ദേവി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നെടുംകുന്നത്തുനിന്നാണ് ഇവർ പിടിയിലായത്. ഒരു വൃദ്ധയെ തള്ളിയിട്ടു മാല മോഷ്ടിക്കാൻ ശ്രമിക്കുന്പോൾ പോലീസിന്റെ മഫ്തി സ്ക്വാഡാണ് ഓടിച്ചിട്ടു പിടികൂടിയത്. ചോദ്യം ചെയ്യലിൽ ആദ്യം ഒന്നും സമ്മതിച്ചില്ല. ശരീരപരിശോധനയിലാണു മാല കണ്ടെത്തിയത്. അഞ്ചു വയസുള്ള ഒരു കുട്ടിയുടെ മാല മോഷ്ടിച്ചതാണെന്നു പ്രതികൾ സമ്മതിച്ചു.
പള്ളിപ്പെരുന്നാൾ, ക്ഷേത്രങ്ങളിലെ ഉത്സവം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്തി വന്നത്. ബസ് യാത്രക്കാരുടെ മാല പൊട്ടിക്കുന്നതും ഇതേ സംഘമാണ്. വസ്ത്രധാരണത്തിൽ മലയാളിയെപോലെ തോന്നും. യാത്രക്കാരും ഉത്സവ സ്ഥലങ്ങളിൽ പോകുന്നവരും ശ്രദ്ധിക്കണമെന്ന് കറുകച്ചാൽ എസ്ഐ എം.കെ. ഷമീർ പറഞ്ഞു.
മഫ്തി പോലീസ് സംഘത്തിൽപ്പെട്ട ആന്റണി, സഞ്ജോ, എഎസ്ഐ കുരുവിള, വനിതാ പോലീസുകാരായ ഓമന, ഷീന എന്നിവരുൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.