കേരള ബ്ലാസ്റ്റേഴ്സിനെ ലോകമെങ്ങും അറിയുന്ന ക്ലബാക്കി മാറ്റിയത് ആരാധകരുടെ ബാഹുല്യമായിരുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ ടീമിനെ നെഞ്ചിലേറ്റിയെങ്കിലും സാമ്പത്തികലാഭം എന്ന ഒരൊറ്റ ചിന്തയിലൂന്നിയാണ് മാനേജ്മെന്റ് പ്രവര്‍ത്തിച്ചത്. മറ്റു ടീമുകള്‍ വലിയ താരങ്ങളെ കൊണ്ടുവന്ന് ഫലമുണ്ടാക്കിയപ്പോള് കുറച്ചു പണം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ചെലവഴിച്ചത്.
ടിക്കറ്റ് നിരക്കുകള്‍ മറ്റു ടീമുകളുടേതിനേക്കാള്‍ ഇരട്ടിയാക്കിയും മാനേജ്മെന്റ് ആരാധകരെ ചൊടിപ്പിച്ചു. ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് സ്ഥിരമായി ജയിക്കാതെ ആയതോടെ ആരാധകര്‍ കളി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞപ്പട എന്ന ഗ്രൂപ്പാണ് പരസ്യ വോട്ടെടുപ്പ് നടത്തി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. 84 ശതമാനം ആരാധകര്‍ ഡിസംബര്‍ നാലിന് നടക്കുന്ന ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ മത്സരം ബഹിഷ്കരിക്കാന്‍ വോട്ട് ചെയ്തു. എന്നാല്‍ പിന്നീട് നാടകീയമായി മഞ്ഞപ്പടയുടെ ഭാരവാഹികള്‍ തീരുമാനം മാറ്റുകയായിരുന്നു.
മഞ്ഞപ്പടയുടെ നേതൃത്വത്തിലുള്ളവര്‍ മാനേജ്മെന്റുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. മാനേജ്മെന്റില്‍ നിന്ന് അനര്‍ഹമായ സൗജന്യം പറ്റുന്നവരാണ് മഞ്ഞപ്പടയുടെ നേതൃത്വത്തിലുള്ളതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് മറ്റൊരു ബ്ലാസ്റ്റേഴ്സ് ഫാന്ഗ്രൂപ്പായ കേരള ബ്ലാസ്റ്റേഴ്സ് ട്വല്ത്ത്മാന് (പന്ത്രണ്ടാമന്) എന്ന ഗ്രൂപ്പിലുള്ളവര്‍ വിമര്‍ശിക്കുന്നത്.