ഓഹരി അവലോകനം / സോണിയ ഭാനു
നവംബറിനെ ലാഭമാസമാക്കി മാറ്റി വിദേശഫണ്ടുകൾ ഇന്ത്യൻ നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു. ബോംബെ സെൻസെക്സ് പിന്നിട്ട മാസം അഞ്ചു ശതമാനം കുതിച്ചുചാട്ടം കാഴ്ചവച്ചു. മൂന്നു മാസത്തോളം വില്പനക്കാരായി നിലകൊണ്ട ശേഷമാണ് വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപത്തിന് തയാറായത്. പത്തു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ബയിംഗ് ആയ 12,260 കോടി രൂപയാണ് അവർ ഇറക്കിയത്. ക്രൂഡ് ഓയിൽവില താഴ്ന്നതും വിനിമയവിപണിയിൽ രൂപ കരുത്ത് തിരിച്ചുപിടിച്ചതും സെൻസെക്സിനും നിഫ്റ്റിക്കും നേട്ടമായി.
നിഫ്റ്റി തുടർച്ചയായ അഞ്ച് സെഷനുകളിലും നേട്ടത്തിലായിരുന്നു. നവംബർ സെറ്റിൽമെന്റിനിടെ മുൻവാരം സൂചിപ്പിച്ച 10,512 പോയിന്റിലെ നിർണായക താങ്ങ് നിലനിർത്തുന്നതിൽ നിഫ്റ്റി കൈവരിച്ച വിജയമാണ് കുതിച്ചുചാട്ടത്തിന് വഴിതെളിച്ചത്.
ആഗോള സാമ്പത്തികപ്രതിസന്ധിക്ക് അയവ് കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ മേഖല. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം ഉടൻ കണ്ടെത്താനാവുമെന്ന വിശ്വാസവും ഉടലെടുത്തു. ചൈനയും അമേരിക്കയും 90 ദിവസത്തിനുള്ളിൽ പുതിയ വ്യാപാര ചർച്ചകൾ നടത്തും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ചേർന്ന് നടത്തിയ ഉന്നത തല ചർച്ചകൾ ഏഷ്യൻ-യുഎസ് ഓഹരി സൂചികകൾക്ക് ഉണർവ് പകരും.
നിഫ്റ്റി സൂചിക ഏഴ് ആഴ്ചകളിലെ തുടർച്ചയായ ശ്രമഫലമായാണ് 50 ഡിഎംഎയിലെ പ്രതിരോധം മറികടന്നത്. ഡെറിവേറ്റീവ് മാർക്കറ്റിൽ നവംബർ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി നടന്ന ഷോട്ട് കവറിംഗും പുതിയ നിക്ഷേപങ്ങളും വിപണിയുടെ അടിയോഴുക്ക് മാറ്റിമറിച്ചു.
പോയവാരം 350 പോയിന്റ് നിഫ്റ്റി കയറി. നവംബറിൽ സൂചിക 4.72 ശതമാനം ഉയർന്ന് 490 പോയിന്റ് സ്വന്തമാക്കി. 50 ദിവസങ്ങളിലെ ശരാശരിയായ 10,730 റേഞ്ചിലെ പ്രതിരോധം ഭേദിച്ച സാഹചര്യത്തിൽ സൂചിക ഇനി ഉറ്റുനോക്കുക 11,060-11,190 പോയിന്റിനെയാണ്. ബുള്ളിഷ് ട്രൻഡ് തുടരാനായാൽ ക്രിസ്മസിന് മുമ്പ് 11,616ലെ ലക്ഷ്യം അകലെയല്ല. സൂചികയ്ക്ക് 10,607 താങ്ങുണ്ട്. ഡെയ്ലി ചാർട്ട് പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് ട്രൻഡിലാണ്.
ബോംബെ സെൻസെക്സ് 1213 പോയിന്റിന്റെ തകർപ്പൻ മുന്നേറ്റം പോയവാരം നടത്തി. അഞ്ച് പ്രവൃത്തി ദിനങ്ങളിലായി സൂചിക മൂന്ന് ശതമാനം ഉയർന്നു. നവംബറിൽ ആകെ അഞ്ചു ശതമാനം കയറി. ജൂലൈയ്ക്കു ശേഷം ഇത്ര ശക്തമായ കുതിപ്പ് ആദ്യമാണ്. ഒക്ടോബറിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് എട്ടര ശതമാനം ബിഎസ്ഇ മുന്നേറിയെങ്കിലും ഓഗസ്റ്റ് 29 ലെ റിക്കാർഡ് തലത്തിൽനിന്ന് സൂചിക ഇപ്പോഴും ഏഴര ശതമാനം താഴെയാണ്.
സെൻസെക്സ് 34,930 റേഞ്ചിൽനിന്ന് തിങ്കളാഴ്ച 35,000 തടസം കടന്ന് വെള്ളിയാഴ്ച 36,000 ലെ പ്രതിരോധവും ഭേദിച്ച് 36,389 വരെ സഞ്ചരിച്ചു. വാരാന്ത്യം 36,194 പോയിന്റിലാണ്. സൂചികയുടെ പ്രതിദിന ചലനങ്ങൾ കണക്കിലെടുത്താൽ 36,745-37,296 പോയിന്റിലാണ് അടുത്ത പ്രതിരോധം. സാങ്കേതിക തിരുത്തലിന് നീക്കം നടന്നാൽ 35,286-34,378 ൽ താങ്ങുണ്ട്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിരിച്ചുവരവാണ് ഓഹരി സൂചികയടെ മുന്നേറ്റത്തിന് ഏറ്റവും കുടുതൽ ഗുണകരമായത്. ഒക്ടോബർ ആദ്യം ഡോളറിന് മുന്നിൽ 74.90ലേക്ക് ഇടിഞ്ഞ രൂപയുടെ മൂല്യം ഇതിനകം ആറു ശതമാനം കരുത്ത് തിരിച്ചുപിടിച്ച് 69.70 ലേക്കു കയറി. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഇപ്പോഴത്തെ നിലയ്ക്ക് 63.97 ലേക്കും തുടർന്ന് 63.57 ലേക്കും മൂല്യം ജനുവരി-ഫെബ്രുവരിയിൽ ശക്തിപ്രാപിക്കാം.
വിദേശ ഫണ്ടുകൾ പോയവാരം 2326.37 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ കാലയളവിൽ ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ 2515.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി.സെപ്റ്റംബറിൽ ബാരലിന് 76 ഡോളറിൽ നീങ്ങിയ ക്രൂഡ് ഓയിൽ നിലവിൽ 50 ഡോളറിലാണ്. രണ്ടു മാസത്തിനിടയിൽ എണ്ണവിലയിൽ മൂന്നിലൊന്ന് കുറവ് സംഭവിച്ചു. 47.48 ഡോളറിൽ എണ്ണയ്ക്ക് താങ്ങുണ്ട്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ക്രൂഡ് ഓയിൽ ജനുവരിയിൽ 41.42 ഡോളറിലേക്കു പരീക്ഷണങ്ങൾ നടത്താം.