കോട്ടയം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് തയാറാക്കിയ പദ്ധതിയിൽ ക്ഷീര കർഷകർക്ക് സബ്സിഡി, ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ്, അങ്കണവാടികൾ വഴി പോഷകാഹാര വിതരണം, അഗതിരഹിത കോട്ടയം എന്നിവയ്ക്കാണ് കരട് രേഖയിൽ ഉൗന്നൽ കൊടുത്തിരിക്കുന്നത്.
13-ാം പഞ്ചവത്സരപദ്ധതിയിലെ മൂന്നാം വർഷത്തിലേക്ക് ജില്ലാ പഞ്ചായത്ത് തയാറാക്കിയത് 69.71 കോടി രൂപയുടെ പദ്ധതികളാണ്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി പദ്ധതി രേഖയുടെ കരട് അവതരിപ്പിച്ചു. ജില്ല നേരിട്ട രൂക്ഷമായ പ്രളയ ക്കെടുതികളുടെ പശ്ചാത്തലം കണക്കിലെടുത്താണ് പദ്ധതികൾ തയാറാക്കിയിട്ടുളളത്.
ക്ഷീരകർഷർക്ക് പാലിന് സബ്സിഡി നൽകുന്നതിന് ഒരു കോടിയും മൂല്യവർധിത പാൽ ഉത്പന്ന യൂണിറ്റിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, പൗൾട്രി ഫാമിന്റെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികൾക്കും തുക വെച്ചിട്ടുണ്ട്.
കോഴ ഫാമിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും ജീവനോപാധി നഷ്ടപ്പെട്ട മത്സ്യ കർഷകർക്ക് ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനും തുക ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ ജനറൾ ആശുപത്രിയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിപുലമായ പ്രവർത്തനങ്ങൾ നടപ്പാക്കും.
ജനറൽ ആശുപത്രിയിൽ വനിതാ പേ വാർഡ് നിർമാണത്തിന് ഒരു കോടി, വയോജനങ്ങൾക്ക് പേവാർഡ് നിർമിക്കുന്നതിന് 1.50 കോടി രൂപ, എസ്സി പേ വാർഡ് നിർമാണത്തിന് ഒരു കോടി രൂപ വീതവും വകയിരുത്തിയിട്ടുണ്ട്. സ്ത്രീ സൗഹൃദ പ്രോജക്്ടുകളിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റ് സംവിധാനം, ജെൻഡർ പാർക്ക് തുടങ്ങിയ പ്രോജക്്ടുകളും നടപ്പിലാക്കും.
ജെൻഡർ പാർക്കിനായി 10ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഏബിൾ കോട്ടയം പദ്ധതി തുടരും. 70 ലക്ഷം രൂപയാണ് ഇതിനായി ഉൽപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം മുൻനിർത്തി മീനച്ചിലാർ, മീനന്തലയാർ, കൊടൂരാർ തുടങ്ങിയ നദികളുടെയും-തോടുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ പദ്ധതിയിൽ ഉണ്ട്.
സോഷ്യൽ സെക്യൂരിറ്റി മിഷൻ പദ്ധതിക്കായി 25 ലക്ഷം രൂപയും മിഷൻ 20-20 പദ്ധതിക്ക് 20 ലക്ഷം രൂപ എന്നിവയും വകയിരുത്തിയിട്ടുണ്ട്. അഗതി സംരക്ഷണത്തിനായുള്ള ആശ്രയ പദ്ധതി, മെറിറ്റോറിയസ് സ്കോളർഷിപ്പ് പദ്ധതി തുടങ്ങിയവും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ് അധ്യക്ഷത വഹിച്ചു.