പത്തനംതിട്ട: മഞ്ഞനിക്കരയിൽ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഹയർ സെക്കൻഡറി വിദ്യാർഥിയെ മാതൃസഹോദരീ പുത്രൻ അടങ്ങുന്ന ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം കർണാടകയിലേക്ക്. കേസിലെ മുഖ്യസൂത്രധാരൻ കുട്ടിയുടെ ബന്ധു കൂടിയായ മുരളീധരനെ കസ്റ്റഡിയിലെടുക്കുകയെന്ന ലക്ഷ്യവും പോലീസിനുണ്ട്. കുട്ടിയുടെ മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യും.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഞ്ഞനിക്കരയിൽ നിന്നും വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. മുത്തശിയോടൊപ്പം വീട്ടിലായിരുന്ന കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു. മുത്തശിയെ ആക്രമിക്കുകയും അവരുടെ കഴുത്തിൽകിടന്ന സ്വർണമാല അപഹരിക്കുകയും ചെയ്തു.
കേസിൽ ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ് (25), പ്രേംദാസ് (31), ചന്ദ്രശേഖർ (24), ഹനീഫ (33), അലക്സ് ജോണ് (35) എന്നിവരെ പോലീസ് ഇൻസ്പെക്ടർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
അവിനാഷിന്റെ പിതാവ് മുരളീധരനാണ് കേസിലെ മുഖ്യസൂത്രധാരനെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ്പറഞ്ഞു. വിദ്യാർഥിയുമായി കടന്നുകളഞ്ഞ സംഘത്തെ പെരുന്പാവൂരിലാണ് പോലീസ് പിടികൂടിയത്. സംഘത്തോടൊപ്പം മഞ്ഞനിക്കരയിലെത്തിയ മുരളീധരൻ പിന്നീട് ഏനാത്തെത്തിയിരുന്നു. ഒരു വാഹനം ഏനാത്തുനിന്നു കണ്ടെടുക്കാൻ കാരണമിതാണ്.
യാത്രയ്ക്കിടെ അവിനാഷ് കൂത്താട്ടുകുളത്തും ഇറങ്ങി. തുടർന്ന് വിദ്യാർഥിയെ കാറിന്റെ ഡിക്കിയിലിട്ടു പോയ മൈസൂർ സ്വദേശികളായ നാലംഗ ക്വട്ടേഷൻ സംഘമാണ് പെരുന്പാവൂർ പോലീസിന്റെ പിടിയിലായത്. വിദ്യാർഥിയെ സംഘം ക്രൂരമായി മർദിച്ചതായി പറയുന്നു. കുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തട്ടിക്കൊണ്ടുപോകലിന് ഇരയായ വിദ്യാർഥിയുടെ പിതാവുമായുള്ള സാന്പത്തിക ഇടപാടുകളാണ് സംഭവത്തിനു പിന്നിലെന്നു വ്യക്തമായി. നേരത്തെ 25 ലക്ഷം രൂപ കുട്ടിയുടെ മാതൃസഹോദരീ ഭർത്താവും പുത്രനും ചേർന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു ലഭിക്കാതെ വന്നപ്പോൾ കുട്ടിയെ വച്ചു വിലപേശാനുള്ള തന്ത്രമായിരുന്നു ഇവരുടേത്. ബംഗളൂരുവിലായിരുന്ന മാതാപിതാക്കളെ മൈസൂരുവിലേക്കു വിളിച്ചുവരുത്താനും പദ്ധതിയിട്ടിരുന്നു.
25 ലക്ഷം ലഭിക്കുന്നില്ലെങ്കിൽ ഇത്രയും പണം നൽകാനുണ്ടെന്ന് കാട്ടിയുള്ള കരാറിൽ ഒപ്പു വയ്പിക്കാനള്ള മുദ്രപത്രവും ഇവർ കരുതിയിരുന്നു. കുട്ടിയുടെ പിതാവും ബന്ധുവും തമ്മിലുള്ള ചില സ്വത്തുതർക്കങ്ങളും തട്ടിക്കൊണ്ടുപോകലിനു പിന്നിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ വിശദവിവരങ്ങൾ തേടിയാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
കർണാടകയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ബന്ധുകുടുംബവുമായി കുട്ടിയുടെ പിതാവിനുള്ള സാന്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. മുന്പും ഇതിന്റെ പേരൽ ഈ വീട്ടുകാർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.