കൊച്ചി: യുവതിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നും വിളിച്ചിറക്കി ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിൽ. ഹരിപ്പാട് സ്വദേശി രഞ്ജിത്ത് (35) ആണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഇയാളെ ഇന്നലെ പിടികൂടിയത്. സംഭവത്തിൽ ഭർത്താവും ഹരിപ്പാട് സ്വദേശിയായ സന്തോഷ്, സുഹൃത്ത് കാസിം എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഹരിപ്പാട് സ്വദേശി രേഷ്മയ്ക്കാണ് കുത്തേറ്റത്. രേഷ്മയുടെ സഹപ്രവർത്തകനെ സന്തോഷും കാസിമും രഞ്ജിത്തും ചേർന്ന് നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിലാണ് രഞ്ജിത്ത് അറസ്റ്റിലായിട്ടുള്ളത്.
ഇവർ തട്ടിക്കൊണ്ടുപോയ സഹപ്രവർത്തകന്റെ ഫോണിൽ നിന്നും വിളിച്ചാണ്് രേഷ്മയെ ആശുപത്രിയുടെ പുറത്തെത്തിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്്. സന്തോഷ് നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രേഷ്മ ഫോണ് എടുത്തില്ല. ഇതേ തുടർന്നാണ് സഹപ്രവർത്തകനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും രഞ്ജിത് പങ്കാളിയാണ്.
മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. കഴുത്തിലും ദേഹത്തും ആഴത്തിൽ മുറിവേറ്റ രേഷ്മയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃർ അറിയിച്ചു. സംഭവശേഷം സന്തോഷ് ഓടി രക്ഷിപ്പെട്ടു. പിന്നീട് കാസിമിന്റെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷം രണ്ട് വർഷം മുന്പാണ് രേഷ്മയും സന്തോഷും വിവാഹിതരായത്. എന്നാൽ, പല അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതിനാൽ ദാന്പത്യ ജീവിതം തർന്നു. ഇതിനിടെ രേഷ്മ വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചു.
ഇതിൽ ക്ഷുഭിതനായ സന്തോഷ് രേഷ്മയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൊലപാത ശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കൊച്ചി സിറ്റി അസി. കമ്മിഷണർ കെ. ലാൽജിയുടെ നിർദ്ദേശപ്രകാരം ചേരാനല്ലൂർ എസ്ഐ കെ.ആർ രൂപേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.