ഒരൊറ്റ കവിത ദീപ നിശാന്തിന് നഷ്ടമാക്കിയത് പാര്‍ലമെന്റ് സീറ്റ്, അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടന്നിരുന്നു, വിവാദങ്ങള്‍ വന്നതോടെ പാര്‍ട്ടിയും കൈകഴുകി, ദീപയ്‌ക്കെതിരേ അധ്യാപകരും

കവിത മോഷ്ടിച്ച് അധ്യാപകരുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച ദീപ നിശാന്തിന് ഒരൊറ്റ വിവാദം നഷ്ടമാക്കിയത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സീറ്റ്. ദീപയെ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിലെ ഒരുവിഭാഗത്തിന് പദ്ധതിയുണ്ടായിരുന്നു. ദീപയ്ക്കും ഇക്കാര്യത്തില്‍ വിരോധമില്ലായിരുന്നു. അതിനിടെയാണ് കവിതാ വിവാദത്തില്‍ ദീപയ്ക്ക് അടിതെറ്റുന്നത്.

സിപിഎം സംഘടിപ്പിക്കുന്ന നവോത്ഥാന സദസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ദീപ. ഇവര്‍ പഠിപ്പിക്കുന്ന കോളജില്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പേരില്‍ ചേരിതിരിച്ച് തമ്മില്‍ തല്ലിക്കുന്നുവെന്ന ആരോപണം ദീപയ്‌ക്കെതിരേ നേരത്തെയും ഉയര്‍ന്നിരുന്നു. സോഷ്യല്‍മീഡിയയിലെ എഴുത്തുകളിലൂടെ ആരാധകരെ സൃഷ്ടിച്ചിരുന്ന ദീപയ്ക്ക് വലിയതോതില്‍ പിന്തുണക്കാര്‍ ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ജനകീയ മുഖമായി നിറഞ്ഞു നിന്നിരുന്ന ദീപയായിരുന്നു തൃശൂരിലെ പാര്‍ട്ടി പരിപാടികളിലെ ബുദ്ധിജീവി സാന്നിധ്യം.

അതേസമയം ദീപയ്‌ക്കെതിരേ അധ്യാപകരും സാഹിത്യകാരും രംഗത്തുവരുന്നത് തുടരുകയാണ്. രൂക്ഷവിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരേ ഉയരുന്നത്. കവിത മോഷ്ടിച്ച ആള്‍ എങ്ങനെ കുട്ടികളെ പഠിപ്പിക്കുമെന്നാണ് പലരും ചോദിക്കുന്നത്. സാഹിത്യകാരിയും കോളജ് അധ്യാപികയുമായ റോസി തമ്പി രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.

ബിരുദ ബിരുദാന്തരതലത്തില്‍ മലയാള സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപികയായ ദീപാ നിശാന്തിന് ഇനി വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മൂല്യബോധമാണ് പകര്‍ന്നു കൊടുക്കാന്‍ കഴിയുകയെന്ന് അവര്‍ ചോദിക്കുന്നു. സെലിബ്രിറ്റി പരിവേഷമില്ലാതെ ജീവിച്ചിരിക്കാന്‍ വേണ്ടി ജീവിതം കൊണ്ട് എഴുതുന്ന ഒരുപാട് സ്ത്രീ എഴുത്തുകാര്‍ ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയില്‍ ഇരുന്ന് ദീപ കാര്‍ക്കിച്ചു തുപ്പിയതെന്നും റോസി തമ്പി പറയുന്നു.

Related posts